വിവാഹിതരാകുന്നതിന് മുമ്പ് തങ്ങൾ ഒരിക്കലും ഒരുമിച്ച് താമസിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ജനീലിയയും റിതേഷും
2012-ലാണ് സിനിമാതാരവും ബിസിനസുകാരനുമായ റിതേഷ് ദേശ്മുഖും നടി ജെനീലിയയും വിവാഹിതരാവുന്നത്

2012-ലാണ് സിനിമാതാരവും ബിസിനസുകാരനുമായ റിതേഷ് ദേശ്മുഖും നടി ജെനീലിയയും വിവാഹിതരാവുന്നത്. എന്നും മികച്ച ദമ്പതികളെന്ന് പേരെടുത്തവരായിരുന്നു ഇരുവരും. വിവാഹജീവിതം 14 വർഷത്തിലെത്തി നിൽക്കുമ്പോൾ, കൂട്ടിന് രണ്ട് ആൺമക്കളുമുണ്ട് ദമ്പതിമാർക്ക്. വിവാഹിതരാകുന്നതിന് മുമ്പ് തങ്ങൾ ഒരിക്കലും ഒരുമിച്ച് താമസിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് രണ്ടുപേരുമിപ്പോൾ. സാനിയ മിർസയുടെ പോഡ്‌കാസ്റ്റിൽ പങ്കെടുക്കവേയാണ് റിതേഷും ജെനീലിയയും ഇക്കാര്യം പറഞ്ഞത്. "ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരുമിച്ച് വളരുക എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയാൻ ഞങ്ങളെപ്പോഴും ജീവിതത്തിൽ പരസ്പരം ഉണ്ടായിരുന്നു. അത് ഞങ്ങളെ ഒരുമിപ്പിച്ചു. നിങ്ങൾക്ക് കിട്ടുന്നതിൽ സന്തോഷവും സംതൃപ്തിയും ഉണ്ടെങ്കിൽ, ആ അവസ്ഥയിൽ വളരെക്കാലം തുടരാൻ നിങ്ങൾ ആഗ്രഹിക്കും. പത്തു വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്നാൽ വിവാഹിതരായപ്പോഴാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് താമസിച്ചത്."-റിതേഷ് പറഞ്ഞു.
"ആ പത്തു വർഷത്തിനിടയിൽ ഞങ്ങൾ ഒരുമിച്ച് താമസിക്കുകയായിരുന്നില്ല. അവധിയാഘോഷിക്കാൻ പോയിട്ടുണ്ട്, പക്ഷേ ഒന്നിച്ച് താമസിച്ചിട്ടില്ല. ഞങ്ങൾ എപ്പോഴും കൂട്ടുകാരുമൊത്തായിരുന്നു. അവധിക്കാലത്ത് പോലും ഞങ്ങൾ എപ്പോഴും പ്രത്യേക മുറികളിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ് സമയത്തും ഞങ്ങൾ പ്രത്യേക മുറികളിലായിരുന്നു."- റിതേഷ് വിശദീകരിച്ചു. തങ്ങൾ വിവാഹം കഴിച്ചപ്പോഴാണ് ഒരുമിച്ചതെന്നും അതൊരു പുതിയ ജീവിതത്തിന്റെ സമയമായിരുന്നുവെന്നും ജെനീലിയയും പറഞ്ഞു.
അടുത്തിടെ, റിതേഷിന്റെ 47-ാം ജന്മദിനത്തിൽ, ജെനീലിയ ഭർത്താവിനായി ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത്രയും വർഷങ്ങൾക്ക് ശേഷവും തങ്ങളെങ്ങനെയാണ് സന്തോഷത്തോടെയും വേർപിരിയാൻ പറ്റാത്തവരായും ഇരിക്കുന്നതെന്ന് പലർക്കും പലർക്കും അദ്ഭുതമാണ്. അതിനെല്ലാം കാരണം റിതേഷ് ആണെന്നും ജെനീലിയ പോസ്റ്റിൽ പറഞ്ഞിരുന്നു.
