പ്രണയ ദിനത്തിൽ മൂന്ന് വമ്പൻ അപ്ഡേറ്റുകളുമായി ആന്റണി വർഗീസ് ചിത്രം കാട്ടാളൻ ടീം.
മാർക്കോ എന്ന പാൻ ഇന്ത്യൻ വയലൻസ് ചിത്രത്തിന് ശേഷം ക്യുബ്സ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപെ ആണ് പ്രധാന നായകൻ

ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' സിനിമയുടെ മൂന്ന് അപ്ഡേറ്റുകൾ ഒറ്റ ദിവസം പുറത്ത്. ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കിയ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇന്ന് വൈകീട്ട് ആറിന് പുറത്തിറങ്ങും. അതോടൊപ്പം സിനിമയുടെ മ്യൂസിക്, സാറ്റലൈറ്റ്, ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ റൈറ്റ്സുകൾ സ്വന്തമാക്കിയവരുടെ വിവരങ്ങളും സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 14-നാണ്.ലോകമാകെ ഏറ്റെടുത്ത 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് ലോകനാഥ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂഷൻ പാർട്നർ. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തൻറേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് നായികയായെത്തുന്നത്.പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകൾ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് 'കാട്ടാളൻ' സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ "ആൻറണി വർഗീസ്" എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയിൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബാക്ഡീ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്
