വിജയ് ചിത്രം ജനനായകൻ റിലീസ് ഇനി ഇലക്ഷന് ശേഷമെന്ന് ഉറപ്പിച്ച് അണിയറ പ്രവർത്തകർ
ഏപ്രിൽ 30ന് മുമ്പ് ചിത്രം റിലീസ് ചെയ്യില്ലെന്ന് കനേഡിയൻ വിതരണക്കാരായ യോർക്ക് സിനിമാസ് സ്ഥിരീകരിച്ചതോടെ ചിത്രം തെരഞ്ഞെടുപ്പിന് ശേഷമേ എത്തുകയുള്ളു എന്ന കാര്യത്തിൽ തീരുമാനമായി

തമിഴ് സൂപ്പർ സ്റ്റാറും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസ് സെൻസർ ബോർഡുമായുള്ള (സി.ബി.എഫ്.സി ) നിയമ പോരാട്ടത്തിനിടയിൽ വലയുകയാണ്. ഏപ്രിൽ 30നുള്ളിൽ ചിത്രം എത്തും എന്ന സൂചന ഉണ്ടായിരുന്നു. എന്നാൽ റിലീസ് തീയതി വീണ്ടും വൈകും എന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിക്കുന്നത്.
ഏപ്രിൽ 30ന് മുമ്പ് ചിത്രം റിലീസ് ചെയ്യില്ലെന്ന് കനേഡിയൻ വിതരണക്കാരായ യോർക്ക് സിനിമാസ് സ്ഥിരീകരിച്ചതോടെ ചിത്രം തെരഞ്ഞെടുപ്പിന് ശേഷമേ എത്തുകയുള്ളു എന്ന കാര്യത്തിൽ തീരുമാനമായി. വിതരണക്കാരന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് അപ്‌ഡേറ്റ് പങ്കുവെച്ചത്. ഇത് ആരാധകരെ കൂടുതൽ നിരാശരാക്കി. പുതുക്കിയ റിലീസ് സാഹചര്യം കണക്കിലെടുത്ത് പ്രേക്ഷകരോട് റീഫണ്ട് തേടാൻ യോർക്ക് സിനിമാസ് ടീം ആവശ്യപ്പെട്ടു.'പ്രിയപ്പെട്ട പ്രേക്ഷകരെ, ഏപ്രിൽ 30ന് മുമ്പ് ജനനായകൻ സിനിമ റിലീസ് ചെയ്യില്ല. നിങ്ങളുടെ ടിക്കറ്റുകൾ തീർപ്പാക്കാതെ കിടക്കുകയും നിങ്ങളുടെ റീഫണ്ട് ഇതുവരെ പ്രോസസ്സ് ചെയ്തിട്ടുമില്ലെങ്കിൽ എത്രയും വേഗം അത് ക്രമീകരിക്കുന്നതിന് ഞങ്ങളുടെ തിയറ്ററുകളുമായി ബന്ധപ്പെടുക' -യോർക്ക് സിനിമാസ് എക്സിൽ കുറിച്ചു.
നേരത്തെ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകുകയായിരുന്നു. സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെ പുറപ്പെടുവിച്ച മുൻ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഇതോടെ കേസ് പുതിയ വാദത്തിനായി വീണ്ടും സിംഗ്ൾ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു.തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ റിലീസിങ് കൂടുതൽ നിയമകുരുക്കുകളിലേക്ക് കടക്കും. കൂടാതെ ബിഗ് ബജറ്റിൽ നിർമിച്ച ചിത്രമായതിനാൽ തെരഞ്ഞെടുപ്പിൽ വിജയ്‌ക്ക് തിരിച്ചടി നേരിട്ടാൽ അത് സിനിമയെ ബാധിക്കാൻ സാധ്യതയുമുണ്ട്.
വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ജനനായകനെ കാത്തിരിക്കുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്
