ജീവിക്കാൻ അനുവദിക്കു എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം ഉപദ്രവിക്കരുത്. സോഷ്യൽ മീഡിയ പോസ്റ്റുമായി സീരിയൽ നടി രേഖ രതീഷ്
സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് നടി രേഖാ രതീഷ്

സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് നടി രേഖാ രതീഷ്. എല്ലാ യുറ്റ്യൂബേഴ്‌സിനേയും താൻ കുറ്റപ്പെടുത്തിയിട്ടില്ലെന്നും നേരത്തെ ചെയ്ത വീഡിയോ കണ്ടിട്ട് അങ്ങനെയാണ് തോന്നിയതെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. തന്നെ മോശമായി ചിത്രീകരിച്ച് വേദനിപ്പിച്ച യുറ്റ്യൂബ് ചാനലുകളുടെ പേരും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി നേരിട്ട് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹമാണ് തന്റെ അവസാന പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. 'ഇത്രയും പേർ എനിക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാൻ സിഎം ഓഫീസിൽ ചെന്നു. എന്റെ പരാതികൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
അതുപോലെ പ്രിയപ്പെട്ട യുറ്റ്യൂബേഴ്‌സ്. ഞാൻ നിങ്ങളെ എല്ലാവരേയും പറഞ്ഞിട്ടില്ല. ഒരുകൂട്ടം യുട്യൂബേഴ്‌സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ അപ്പോൾ അങ്ങനെയാണ് പറയാൻ പ്രേരിപ്പിച്ചത്. അതാരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ആ നിമിഷം ആരോടെങ്കിലും പറഞ്ഞാൽ അമ്മയുടെ പ്രഷർ മാറുമെന്ന് മകൻ പറഞ്ഞപ്പോൾ എനിക്ക് ആരും ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് എന്റെ മുന്നിൽ വന്ന മുഖം മുഖ്യമന്ത്രിയുടേത് ആയിരുന്നു. അത് എന്റെ അവസാന പ്രതീക്ഷയായിരുന്നു. അങ്ങനെയാണ് ഞാൻ ആ വീഡിയോ ചെയ്തത്.ഇൻസ്റ്റഗ്രാം വഴിയല്ല ഇതൊന്നും അറിയിക്കേണ്ടത് എന്ന് എനിക്കറിയാം. വർഷങ്ങളോളം കമ്മിഷണർ ഓഫീസും പോലീസ് സ്‌റ്റേഷനും കയറി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടൊന്നും നേട്ടം ഉണ്ടായിട്ടില്ല. ഇതെല്ലാം തള്ളിക്കളഞ്ഞ് ഞാൻ എന്റെ മകനോടൊപ്പം ജീവിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി എനിക്ക് താങ്ങാവുന്നതിനും അപ്പുറത്തേക്കാണ് കാര്യങ്ങൾ എത്തിയത്. എനിക്കെതിരെ ചില യുറ്റ്യൂബ് ചാനലുകൾ വിത്തുകൾ പാകി. 14 വർഷം മുമ്പ് ആത്മഹത്യാശ്രമത്തിലേക്ക് എന്ന് എത്തിച്ചതാണ് വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഒരു ചാനലിലെ രണ്ട് പെൺകുട്ടികൾ വന്നിരുന്ന പറയുന്ന കാര്യങ്ങൾ കണ്ടുനോക്കൂ. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. എന്നേയും മകനേയും വളരേയധികം വേദനിപ്പിച്ച വീഡിയോ ആയിരുന്നു അത്.അതുപോലെ കക്കിരി എന്ന ചാനൽ, ഞാൻ നിങ്ങളോട് എന്ത് ചെയ്തിട്ടാണ് നിങ്ങൾ അങ്ങനെയൊരു വീഡിയോ ചെയ്തത്. എന്റെ മകൻ ഇൻസ്റ്റയിൽ അത് കണ്ടിട്ട് എന്നോട് ചോദിക്കുകയാണ് 'അമ്മാ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന്'. ആ കുഞ്ഞിന് ഞാൻ എന്ത് മറുപടി കൊടുക്കണം. നിങ്ങൾക്ക് പറ്റുമെങ്കിൽ എന്റെ മകന് അതിനുള്ള മറുപടി നൽകൂ. ദൈവത്തെ ഓർത്ത് ഒരു നന്മയും നിങ്ങൾ ചെയ്യേണ്ട. പക്ഷേ ജീവിക്കാൻ അനുവദിക്കൂ. ഞാൻ എന്റെ മകനും ഈ കൊച്ചുകേരളത്തിൽ ജീവിച്ചു പൊക്കോട്ടെ. ദൈവത്തെ ഓർത്ത് ഉപദ്രവിക്കരുത്. എന്റെ സഹപ്രവർത്തകരേയും ക്രൂരമായി ക്രൂശിക്കുന്ന തമ്പ് നെയിലുകൾ ഇട്ട് ഞങ്ങളെ ഉപദ്രവിക്കരുത്.
ഞങ്ങളും ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിച്ച് പോകുന്നവർ. ഞങ്ങളെ തകർക്കാനോ മാനസിക സമ്മർദത്തിലാക്കാനോ ശ്രമിക്കരുത്. ഇതൊരു അഭ്യർഥനയാണ്.'-രേഖ പറയുന്നു.
