മദ്യ സൽക്കാര പാർട്ടിയിൽ തന്നോട് തനിച്ചു വരാൻ പറഞ്ഞു. കസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് വൈഷ്ണവി മക്ഡൊണാൾഡ്
കരിയറിന്റെ തുടക്കത്തിൽത്തന്നെ സിനിമാ ഇൻഡസ്ട്രിയോട് വിടപറയാനുണ്ടായ കാരണം പങ്കുവെച്ചിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ

പ്രശസ്ത ടെലിവിഷൻ ഷോ ആയിരുന്ന ശക്തിമാനിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് വൈഷ്ണവി മക്ഡൊണാൾഡ് . ഗീത വിശ്വാസ് എന്ന കഥാപാത്രത്തേയാണ് വൈഷ്ണവി അവതരിപ്പിച്ചിരുന്നത്. കരിയറിന്റെ തുടക്കത്തിൽത്തന്നെ സിനിമാ ഇൻഡസ്ട്രിയോട് വിടപറയാനുണ്ടായ കാരണം പങ്കുവെച്ചിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ. കാസ്റ്റിങ് കൗച്ച് ഉൾപ്പെടെയുള്ള കാരണങ്ങളാണ് അതിനുപിന്നിലെന്ന് വൈഷ്ണവി പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് വൈഷ്ണവി ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. കോംപ്രമൈസ് ചെയ്യാൻ തയ്യാറല്ലെന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ ഒരു സിനിമയിൽ നിന്ന് പുറത്താക്കിയതിനേക്കുറിച്ച് വൈഷ്ണവി പറഞ്ഞു.
താനും അമ്മയും കൂടിയാണ് സിനിമയുമായി ബന്ധപ്പെട്ട് ഓഫീസിലെത്തിയത്. പോസ്റ്ററുകളും ബാനറുകളുമൊക്കെ പ്രിന്റ് ചെയ്തുകഴിഞ്ഞുവെന്ന് അവിടെനിന്ന് അറിയിച്ചു. മദ്യമുൾപ്പെടെ വിളമ്പുന്ന പുരുഷന്മാർ മാത്രമുള്ള പാർട്ടിയിലേക്ക് തനിച്ച് വരണമെന്നാണ് പറഞ്ഞത്. പക്ഷേ അമ്മ എപ്പോഴും തനിക്കൊപ്പം വരുന്നത് അവരെ അസ്വസ്ഥരാക്കിയിരുന്നു. ഷൂട്ടിനുവേണ്ടി സ്വിറ്റ്സർലന്റിലേക്ക് പോകാൻ തന്റെ പാസ്പോർട്ട് ശരിയായെന്നും അമ്മയുടേത് ശരിയായിട്ടില്ലെന്നും പറഞ്ഞു. സംവിധായകന് ഇതേക്കുറിച്ച് നേരിട്ടറിയില്ലായിരുന്നുവെങ്കിലും പ്രധാന നടന് തന്നോട് അത്തരം താൽപര്യമുണ്ടായിരുന്നു. ഇത് താൻ നിരസിച്ചതോടെ നിർമാതാവും സംവിധായകനും പ്രധാനനടനും ചേർന്ന് തന്നെ ആ പ്രൊജക്റ്റിൽ നിന്ന് നീക്കംചെയ്യുകയായിരുന്നു എന്ന് വൈഷ്ണവി പറഞ്ഞു.
തന്റെ ഒതുങ്ങിക്കൂടിയ പ്രകൃതവും ചിലകാര്യങ്ങളിൽ അതിർവരമ്പുകൾ കർക്കശമാക്കിയതുമൊക്കെ സിനിമാ ഓഫറുകൾ കുറയാൻ കാരണമായെന്നും വൈഷ്ണവി പറഞ്ഞു. അങ്ങനെയാണ് കുടുംബത്തിന്റെ എതിർപ്പുകൾ മറികടന്നും ടെലിവിഷൻ രംഗത്തേക്ക് കടക്കുന്നത്. സിനിമയിലെ അവസരങ്ങൾ കുറഞ്ഞതോടെയാണ് ശക്തിമാനിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും അത് കരിയറിലെ വലിയൊരു വഴിത്തിരിവായെന്നും വൈഷ്ണവി കൂട്ടിച്ചേർത്തു.
