വെജിറ്റേറിയൻ സദ്യയിൽ പോർക്കും ബീഫും മീനും; ഇതാണ് റിയൽ കേരളാ സ്റ്റോറി- പ്രകാശ് രാജ്
വിവാദമായ 'ദ കേരളാ സ്‌റ്റോറി' ചിത്രത്തിന്റെ രണ്ടാംഭാഗത്തിലെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട ചർച്ചകളിൽ വീണ്ടും പരോക്ഷപ്രതികരണവുമായി നടൻ പ്രകാശ് രാജ്

വിവാദമായ 'ദ കേരളാ സ്‌റ്റോറി' ചിത്രത്തിന്റെ രണ്ടാംഭാഗത്തിലെ ട്രെയ്‌ലറുമായി ബന്ധപ്പെട്ട ചർച്ചകളിൽ വീണ്ടും പരോക്ഷപ്രതികരണവുമായി നടൻ പ്രകാശ് രാജ്. വെജിറ്റേറിയൻ സദ്യയിൽ പോർക്കും ബീഫും മത്സ്യവും ഒന്നിച്ച് നിൽക്കുന്നതാണ് റിയൽ കേരളാ സ്റ്റോറിയെന്ന് പ്രകാശ് രാജ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വിഭവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഞായറാഴ്ച പങ്കുവെച്ച പോസ്റ്റിലായിരുന്നു നടന്റെ പരാമർശം.'പോർക്കും ബീഫും മത്സ്യവും വെജിറ്റേറിയൻ സദ്യയിൽ ഒന്നിച്ചുചേരുന്നതും അവരെല്ലാം സമാധാനപരമായി ജീവിക്കുന്നതുമാണ് യഥാർഥ കേരളാ സ്റ്റോറി, രുചിച്ചുനോക്കൂ', എന്നായിരുന്നു പ്രകാശ് രാജിന്റെ കുറിപ്പ്. ചിത്രത്തിന്റെ ട്രെയ്‌ലർ വിവാദമായതിന് പിന്നാലെ കഴിഞ്ഞദിവസും പ്രകാശ് രാജ് സമാനകുറിപ്പ് പങ്കുവെച്ചിരുന്നു. 'യഥാർഥ കേരളാ സ്റ്റോരി ഇങ്ങനെയാണ്, 'കൊതിപ്പിക്കുന്ന രുചിയാത്രയിൽ, കേരളത്തിന്റെ സ്വാദിഷ്ടമായ സിറിയൻ ക്രിസ്ത്യൻ ബീഫ് ഫ്രൈയുടേയും കോക്കനട്ട് ബീഫിന്റേയും പൈതൃകവും സംസ്‌കാരവും കൂടിച്ചേർന്നിരിക്കുന്നു. ദയവായി പരീക്ഷിച്ചുനോക്കൂ', എന്നായിരുന്നു കഴിഞ്ഞദിവസം കുറിച്ചത്.
കഴിഞ്ഞദിവസമാണ് ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ദ കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഹിന്ദു പെൺകുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്ന രംഗമുൾപ്പെടെ ടീസറിലുണ്ടായിരുന്നു. വലിയ പ്രതിഷേധവും പരിഹാസവുമായിരുന്നു ഇതോടെ ടീസറിനെതിരെ ഉയർന്നത്. സോഷ്യൽ മീഡിയയിലും ചിത്രത്തിന്റെ ഉള്ളടക്കത്തിനെതിരെ പ്രതിഷേധമുയർന്നു. സിനിമയ്‌ക്കെതിരേ അതിരൂക്ഷവിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വിപുൽ ഷാ നിർമിക്കുന്ന ഈ ചിത്രത്തിൽ ആഷിൻ എ ഷാ സഹനിർമാതാവാണ്. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്
