കെ.പി.എ.സി ലളിതയുടെ ഓർമകൾക്ക് നാല് വയസ്
മലയാളികളുടെ പ്രിയപ്പെട്ട നടി കെ.പി.എ.സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം

മലയാളികളുടെ പ്രിയപ്പെട്ട നടി കെ.പി.എ.സി ലളിത ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. കണ്ണുനനയിച്ചും പൊട്ടിച്ചിരിപ്പിച്ചും ഒരായുസ്സ് മുഴുവൻ അഭിനയത്തിനായി സമർപ്പിച്ച വ്യക്തിത്വം. കാണികളെ കയ്യിലെടുക്കാൻ തന്‍റെ ശബ്ദം മാത്രം മതിയെന്ന് മതിലുകൾ സിനിമയിലൂടെ അവർ തെളിയിച്ചു. മണിച്ചിത്രത്താഴ്, ആദം ജോൺ സിനിമകളിലെ കഥപറച്ചിലുകൾ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നതായിരുന്നു. കോമഡിയും, നെഗറ്റീവ് റോളുകളും, അമ്മ വേഷങ്ങളുമെല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു.കായംകുളം രാമപുരത്ത് കടക്കൽതറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. 1978ൽ ചലച്ചിത്ര സംവിധായകൻ ഭരതന്‍റെ ഭാര്യയായി. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. സ്കൂൾ കാലം മുതൽ നൃത്തത്തിൽ എറെ താൽപര്യമണ്ടായിരുന്ന ലളിത രാമപുരത്തെ സ്കൂളിലാണ് ആദ്യമായി വേദിയിൽ കയറിയത്. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ അവർ ശ്രദ്ധനേടി.തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്‍റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്
