കേരളത്തെ പരിഹസിക്കുന്ന ബോളിവുഡ് ‘ ഹിന്ദി ചിത്രം പരം സുന്ദരി’ക്കെതിരെ തുറന്നടിച്ച് കാളിദാസ് ജയറാം
ആശകൾ ആയിരം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇർഫാന്റെ 'വ്യൂ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് തന്റെ വിയോജിപ്പുകൾ വ്യക്തമാക്കിയത്

മലയാള സിനിമയിലെ പ്രിയപ്പെട്ട അച്ഛനും മകനും, ജയറാമും കാളിദാസും ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകൾക്കിടയിൽ കാളിദാസ് ജയറാം നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. 2025 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ജാൻവി കപൂർ ചിത്രം **'പരം സുന്ദരി'**യെക്കുറിച്ചുള്ള താരത്തിന്റെ വിമർശനാത്മക നിലപാടുകളാണ് ശ്രദ്ധേയമാകുന്നത്.ഇർഫാന്റെ 'വ്യൂ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് തന്റെ വിയോജിപ്പുകൾ വ്യക്തമാക്കിയത്. സമീപകാലത്ത് താൻ കണ്ട ഏറ്റവും മോശം ചിത്രങ്ങളിലൊന്നാണ് 'പരം സുന്ദരി' എന്ന് താരം തുറന്നു പറഞ്ഞു. നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ചിത്രം പരിഹാസ്യമായ രീതിയിലാണ് ചിത്രീകരിച്ചതെന്നും, കേരളത്തെയും മലയാളി ജീവിതത്തെയും 'സ്റ്റീരിയോടൈപ്പ്' (വാർപ്പുമാതൃകകൾ) ചെയ്യുന്ന രീതി തനിക്ക് അംഗീകരിക്കാനായില്ലെന്നും കാളിദാസ് വ്യക്തമാക്കി.
തുഷാർ ജലോട്ട സംവിധാനം ചെയ്ത ഈ ബോളിവുഡ് ചിത്രത്തിൽ ജാൻവി കപൂർ ഒരു മലയാളി പെൺകുട്ടിയായാണ് വേഷമിട്ടത്. സിദ്ധാർത്ഥ് മൽഹോത്ര നായകനായ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം രഞ്ജി പണിക്കരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബോക്സ് ഓഫീസിൽ വിജയം നേടിയെങ്കിലും, കേരളത്തിന്റെ തനത് ആചാരങ്ങളെ വികലമായി ചിത്രീകരിച്ചു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ചിത്രം നേരത്തെ നേരിട്ടിരുന്നു. ആ വിമർശനങ്ങളെ ശരിവെക്കുന്നതായിരുന്നു കാളിദാസിന്റെ പ്രതികരണം.
