"മക്കളേ, എന്റെ ഒരേയൊരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?" മക്കളോട് തന്റെ സിനിമ കാണണം എന്ന ആവശ്യവുമായി നടി ശാലിനി

ജെ.എഫ്.ഡബ്ല്യു (JFW) അവാർഡ് വേദിയിൽ വെച്ചായിരുന്നു ശാലിനിയുടെ ഈ കുസൃതി കലർന്ന പരിഭവം പറച്ചിൽ

തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു അജിത്തുമായുള്ള ശാലിനിയുടെ വിവാഹം. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന ശാലിനി, തന്റെ കുടുംബവിശേഷങ്ങൾ അപൂർവ്വമായി മാത്രമേ പൊതുവേദികളിൽ പങ്കുവെക്കാറുള്ളൂ. എന്നാൽ ഇപ്പോഴിതാ, തന്റെ മക്കൾ ഇതുവരെ തന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്ന രസകരമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.

ജെ.എഫ്.ഡബ്ല്യു (JFW) അവാർഡ് വേദിയിൽ വെച്ചായിരുന്നു ശാലിനിയുടെ ഈ കുസൃതി കലർന്ന പരിഭവം പറച്ചിൽ.

"പിന്നെയാകാം" എന്ന് പറഞ്ഞ് ഒഴിയുന്ന മക്കൾ

താൻ അഭിനയിച്ച ഒരു സിനിമയെങ്കിലും കാണാൻ മക്കൾ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ശാലിനി പറയുന്നു. "എന്റെ മക്കൾ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എപ്പോഴെങ്കിലും സിനിമ കാണാം എന്ന് പ്ലാൻ ചെയ്യുമ്പോൾ, 'ശരി, നമുക്ക് പിന്നെ കാണാം' എന്ന് പറഞ്ഞ് അവർ അത് മാറ്റിവയ്ക്കും. സത്യത്തിൽ, ഈ അവസരം ഉപയോഗിച്ച് എനിക്ക് എന്റെ മക്കളോട് ഒരു കാര്യം പറയാനുണ്ട്: മക്കളേ, ദയവു ചെയ്ത് എന്റെ ഒരേയൊരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?" - ശാലിനി തമാശരൂപേണ ചോദിച്ചു.

അലൈപായുതേയും പാട്ടുകളും

മകൾ അനൗഷ്ക ഒരിക്കൽ തന്റെ കൂട്ടുകാരി പറഞ്ഞ അറിവ് വെച്ച് 'അലൈപായുതേ' എന്ന ചിത്രം കാണാൻ ആവേശം കാണിച്ചിരുന്നു. എന്നാൽ അന്ന് ആവേശം കാണിച്ചെങ്കിലും സിനിമ മുഴുവനായി കാണുന്നതിന് പകരം അതിലെ പാട്ടുകൾ മാത്രം കേട്ട് മകൾ മടങ്ങിയെന്ന് ശാലിനി ഓർക്കുന്നു.

അതുപോലെ തന്നെ, തന്റെ മകൻ ആദ്വികിന് അമ്മ ഒരു അവാർഡ് ഷോയിൽ പങ്കെടുക്കുന്നതിലാണ് താൽപ്പര്യം. റൊണാൾഡോ ബാലൻ ഡി ഓർ പുരസ്കാരം നൽകുന്നത് പോലെയാണ് തന്റെ അമ്മ അവാർഡ് നൽകുന്നതെന്ന് അവൻ സുഹൃത്തുക്കളോട് അഭിമാനത്തോടെ പറയുന്നുണ്ട്. എന്നാൽ ഈ ആവേശം സിനിമ കാണുന്ന കാര്യത്തിൽ അവനും കാണിക്കുന്നില്ലെന്നാണ് ശാലിനിയുടെ പക്ഷം.

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള ശാലിനിയുടെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മക്കൾ എന്ന് അമ്മയുടെ സിനിമ കാണും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരും.

Related Articles
Next Story