'സൂപ്പർ സബ്ജക്റ്റ്, പക്ഷേ ഭീമമായ ബജറ്റ്'; മോഹൻലാൽ-ഭദ്രൻ ചിത്രം മുടങ്ങാൻ കാരണം വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'സ്ഫടിക'ത്തിന് ശേഷം മോഹൻലാലും ഭദ്രനും വീണ്ടും ഒന്നിക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രം മുടങ്ങാനുണ്ടായ കാരണം വെളിപ്പെടുത്തി നിർമ്മാതാവ് വേണു കുന്നപ്പിള്ളി. 2018 മുതൽ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ പ്രോജക്റ്റ് വലിയ സാമ്പത്തിക റിസ്ക് കാരണമാണ് വേണ്ടെന്നു വെച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.ചിത്രത്തിന്റെ കഥ കേൾക്കുന്നതിനായി മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് എന്നിവർ തന്റെ ഫ്ലാറ്റിലെത്തിയ അനുഭവം വേണു കുന്നപ്പിള്ളി പങ്കുവെച്ചു.ഭദ്രൻ സാറും അദ്ദേഹത്തിന്റെ അസിസ്റ്റന്റും ലാലേട്ടനും ആന്റണിയും ആന്റോയും ഒരുമിച്ചാണ് വന്നത്. അതൊരു സൂപ്പർ സബ്ജക്റ്റ് ആയിരുന്നു. വലിയ രീതിയിലുള്ള ആക്ഷൻ സീക്വൻസുകളുള്ള ചിത്രം. പക്ഷേ, സിനിമയ്ക്ക് ആവശ്യമായ വമ്പൻ ബജറ്റ് ആണ് എന്നെ പിന്തിരിപ്പിച്ചത്. അത്രയും വലിയ റിസ്ക് എടുക്കാൻ ആ സമയത്ത് മടിയുണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു.ഒരു ലോറി ഡ്രൈവറുടെ വേഷത്തിലായിരുന്നു ചിത്രത്തിൽ മോഹൻലാൽ എത്തേണ്ടിയിരുന്നത്. പരുക്കനായ, പല ഭാഷകൾ സംസാരിക്കുന്ന, ഒരു നാടോടിയെപ്പോലെ ജീവിക്കുന്ന കഥാപാത്രമായിരുന്നു അത്. തിരക്കഥയിൽ സബ്മറൈൻ (Submarine) ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങൾ ആവശ്യമായിരുന്നുവെന്നും സിനിമയുടെ വ്യാപ്തി വളരെ വലുതായിരുന്നുവെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു.2005-ൽ പുറത്തിറങ്ങിയ 'ഉടയോൻ' ആണ് ഭദ്രൻ അവസാനമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം. വർഷങ്ങൾക്കിപ്പുറം ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്ന് വാർത്തകൾ വന്നതോടെ ആരാധകർ വലിയ ആവേശത്തിലായിരുന്നു. എന്നാൽ സാങ്കേതികമായ കാരണങ്ങളാലും ബജറ്റ് പരിമിതികളാലും ഈ സ്വപ്ന പ്രോജക്റ്റ് വെള്ളിത്തിരയിൽ എത്താത്തതിന്റെ നിരാശയിലാണ് ഇപ്പോൾ സിനിമാ ലോകം

Related Articles
Next Story