'എന്റെ അവസാന ആഗ്രഹമാണ്, മരണശേഷം ഗ്ലാമർ ചിത്രങ്ങൾ പങ്കിടരുത്'; വികാരാധീനയായി നടി മുംതാസ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ തരംഗം സൃഷ്ടിച്ച നടി മുംതാസിന്റെ തുറന്നുപറച്ചിൽ ശ്രദ്ധ നേടുന്നു. തന്റെ മരണശേഷം സിനിമയിലെ ഗ്ലാമറസ് ചിത്രങ്ങളോ നൃത്ത രംഗങ്ങളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്ന് താരം ആരാധകരോടും സിനിമാ ലോകത്തോടും അഭ്യർത്ഥിച്ചു. ഒരു അഭിമുഖത്തിനിടെയാണ് മുംതാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
മതവിശ്വാസവും ജീവിത മാറ്റവും
സിനിമയിൽ താൻ സ്വീകരിച്ച വഴികൾ തന്റെ മതവിശ്വാസത്തിന് നിരക്കാത്തതായിരുന്നുവെന്ന് താരം തുറന്നു സമ്മതിച്ചു. "സിനിമയിൽ നിന്ന് ഞാൻ പണം സമ്പാദിച്ച രീതിയും ധരിച്ച വസ്ത്രങ്ങളും എന്റെ മതത്തിൽ അനുവദനീയമല്ല. മതം വിലക്കിയ കാര്യങ്ങളാണ് ഞാൻ ചെയ്തത്. നമ്മുടെ തെറ്റുകൾക്ക് ദൈവത്തോട് ഉത്തരം പറയേണ്ടി വരും. ആ ബോധ്യം വന്നതോടെയാണ് ഞാൻ പടിപടിയായി മാറിയത്," മുംതാസ് പറഞ്ഞു.മുൻകാലങ്ങളിൽ ചെയ്ത തെറ്റുകൾ തിരുത്തി ആത്മീയമായ പാതയിലൂടെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് താരം വ്യക്തമാക്കി.എന്റെ മരണശേഷം പഴയ സെക്സി, ഗ്ലാമറസ് ഫോട്ടോകൾ പോസ്റ്റ് ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത് എന്റെ അവസാന ആഗ്രഹമായി കണക്കാക്കണം," മുംതാസ് വികാരാധീനയായി കൂട്ടിച്ചേർത്തു.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ മുംതാസ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം 'താണ്ഡവം' ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികൾക്കും താരം സുപരിചിതയാണ്. വില്ലത്തി വേഷങ്ങളിലും ഐറ്റം ഡാൻസുകളിലും തിളങ്ങിനിന്ന താരം ഇടക്കാലത്ത് അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
