'അപ്പൻ കൂടെയുണ്ടെടാ'; ലഹരിക്കേസിൽ ഉൾപ്പെട്ട മകന് പിന്തുണയുമായി ടിനി ടോം

സങ്കീർത്തനം 91-ലെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ടിനിയുടെ വൈകാരികമായ പോസ്റ്റ്. "നീ എപ്പോഴും എന്റെ ഹീറോയാണ്. മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം നാൾ ഉയിർത്തെഴുന്നേൽപ്പുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ, നിന്റെ അപ്പൻ ഉണ്ടെടാ കൂടെ

ലഹരിമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മകൻ ആദം ഷീമിന് പരസ്യ പിന്തുണയുമായി നടൻ ടിനി ടോം. മകൻ എംജി സർവകലാശാല കലോത്സവത്തിൽ നേടിയ ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് ടിനി ടോം തന്റെ നിലപാട് വ്യക്തമാക്കിയത്. "കാലം എല്ലാം തെളിയിക്കുമെന്നും നിന്റെ അപ്പൻ കൂടെയുണ്ടെന്നും" ടിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പിന്റെ ഉള്ളടക്കം

സങ്കീർത്തനം 91-ലെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ടിനിയുടെ വൈകാരികമായ പോസ്റ്റ്. "നീ എപ്പോഴും എന്റെ ഹീറോയാണ്. മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടെ. ഏത് കുരിശിനും മൂന്നാം നാൾ ഉയിർത്തെഴുന്നേൽപ്പുണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ, നിന്റെ അപ്പൻ ഉണ്ടെടാ കൂടെ," എന്ന് അദ്ദേഹം കുറിച്ചു. മകന്റെ കൈയിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചെടുത്തതെന്ന് ഒരു കമന്റിന് മറുപടിയായി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലം

വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ തൃപ്പൂണിത്തുറ ഇരുമ്പനത്തു വെച്ചാണ് ആദം ഷീം ഉൾപ്പെടെ മൂന്ന് യുവാക്കളെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പരിശോധിച്ചപ്പോൾ സംഘത്തിലുള്ള ഒരാളുടെ പോക്കറ്റിൽ നിന്ന് ചെറിയ പാക്കറ്റിലാക്കിയ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ആദം ഷീമിനെ കൂടാതെ അമിത്, കാർത്തിക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പിടിയിലായവർ 20-21 വയസ്സ് പ്രായമുള്ളവരാണ്. ലഹരിമരുന്ന് കൈവശം വെച്ചതിന് കേസെടുത്ത ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ ലഹരിക്കെതിരെ ശക്തമായ നിലപാടുകൾ പരസ്യമായി സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ടിനി ടോം എന്നത് കൊണ്ട് തന്നെ ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്.

Related Articles
Next Story