വിവാഹമോചന വാർത്തകൾക്കിടെ വിജയ്‌യെ തൃഷയും മകനും അൺഫോളോ ചെയ്തതായി റിപ്പോർട്ടുകൾ; തമിഴകത്ത് ചർച്ചകൾ കൊഴുക്കുന്നു

തമിഴ് സൂപ്പർതാരവും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ വ്യക്തിജീവിതത്തെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുകയുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം ചെങ്കൽപേട്ട് കുടുംബകോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചു എന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഒരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് ദാമ്പത്യം തകരാൻ കാരണമെന്ന ആരോപണം ഉയർന്നതോടെ നടി തൃഷയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.
വിവാദങ്ങൾക്കിടെ നടി തൃഷ വിജയ്‌യെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിജയ്‌യുടെ പിറന്നാളിന് താരം പങ്കുവെച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ ഇപ്പോഴുമുണ്ടെങ്കിലും, തൃഷയുടെ ഫോളോയിങ് ലിസ്റ്റിൽ വിജയ് ഇല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ താരം നേരത്തെയും വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്.
തൃഷയ്ക്ക് പിന്നാലെ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയും പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് വലിയ വാർത്തയായിട്ടുണ്ട്. അമ്മ സമർപ്പിച്ച വിവാഹമോചന ഹർജിക്ക് പിന്നാലെയാണ് മകന്റെ ഈ നീക്കം എന്നത് കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങളുടെ സൂചനയായിട്ടാണ് ആരാധകർ വിലയിരുത്തുന്നത്. ജേസൺ സഞ്ജയ് നിലവിൽ സിനിമാ സംവിധാനരംഗത്തേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്.
വിജയ്‌യുടെ മൗനം
തന്നെയും തൃഷയെയും ബന്ധപ്പെടുത്തി നേരത്തെ രാഷ്ട്രീയ നേതാക്കൾ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും വിജയ് മൗനം പാലിക്കുകയായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളിലും അദ്ദേഹം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിജയ്-സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. ഇരുവരും കുട്ടിക്കാലത്ത് വിജയ് ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സിനിമയും രാഷ്ട്രീയവും ഒരുപോലെ ഉറ്റുനോക്കുന്ന വിജയ്‌യുടെ ജീവിതത്തിലെ ഈ സംഭവവികാസങ്ങൾ തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
