ഹിന്ദി സിനിമയിലെ ആദ്യ സൂപ്പർ താരം രാജേഷ് ഖന്നയുടെ അവസാന കാലത്തെ ജീവിതപങ്കാളിയെന്ന് സ്വയം വിശേഷിപ്പിച്ച നടി അനിത അദ്വാനിയുടെ തുറന്നുപറച്ചിലുകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാവുന്നു

രാജേഷ് ഖന്നയുടെ കുടുംബത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് അനിത ഉയർത്തുന്നത്. മുപ്പത് വർഷത്തോളം അദ്ദേഹത്തെ തിരിഞ്ഞുനോക്കാത്ത കുടുംബം അദ്ദേഹത്തിന്റെ മരണശേഷം സ്വത്ത് കൈക്കലാക്കാൻ മാത്രമാണ് എത്തിയതെന്ന് അവർ ആരോപിച്ചു

ഹിന്ദി സിനിമയിലെ ആദ്യ സൂപ്പർ താരം രാജേഷ് ഖന്നയുടെ അവസാന കാലത്തെ ജീവിതപങ്കാളിയെന്ന് സ്വയം വിശേഷിപ്പിച്ച നടി അനിത അദ്വാനിയുടെ തുറന്നുപറച്ചിലുകൾ സിനിമാ ലോകത്ത് വലിയ ചർച്ചയാവുന്നു. രാജേഷ് ഖന്നയുമായുള്ള തന്റെ പന്ത്രണ്ട് വർഷം നീണ്ട ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണശേഷം നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും ഒരു അഭിമുഖത്തിലാണ് അനിത മനസ്സ് തുറന്നത്. കൗമാരപ്രായത്തിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും മാറിയെന്നും വീട്ടിനുള്ളിലെ ചെറിയ ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം തന്റെ നെറ്റിയിൽ സിന്ദൂരമണിഞ്ഞ് തന്നെ ഭാര്യയായി സ്വീകരിച്ചിരുന്നുവെന്നും അനിത വെളിപ്പെടുത്തി. സിനിമയിലെ പ്രമുഖർ ആരും അക്കാലത്ത് ഇത്തരം കാര്യങ്ങൾ പരസ്യമായി പറയാറില്ലാത്തതുകൊണ്ടാണ് തങ്ങൾ അത് രഹസ്യമായി വെച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

മദ്യപിച്ചാൽ രാജേഷ് ഖന്ന ആക്രമണകാരിയായി മാറുമെന്നും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നുമുള്ള അനിതയുടെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം ജീവിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും എങ്കിലും കുടിക്കാത്ത സമയത്ത് അദ്ദേഹം ലോകത്തെ ഏറ്റവും നല്ല മനുഷ്യനായിരുന്നുവെന്നും അനിത ഓർത്തെടുക്കുന്നു. ഒരു ഘട്ടത്തിൽ തന്റെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകം പോലും അട്ടിമറിക്കപ്പെട്ടുവെന്നും പുസ്തകത്തിൽ രാജേഷ് ഖന്നയുടെ പേര് മാറ്റാൻ വരെ ശ്രമങ്ങൾ നടന്നുവെന്നും അവർ ആരോപിച്ചു. പണത്തിന് വേണ്ടിയല്ല മറിച്ച് മാന്യമായി ജീവിക്കാനുള്ള അവകാശത്തിനും അർഹിക്കുന്ന അംഗീകാരത്തിനും വേണ്ടിയാണ് താൻ പോരാടുന്നതെന്ന് അനിത വ്യക്തമാക്കി.

രാജേഷ് ഖന്നയുടെ കുടുംബത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് അനിത ഉയർത്തുന്നത്. മുപ്പത് വർഷത്തോളം അദ്ദേഹത്തെ തിരിഞ്ഞുനോക്കാത്ത കുടുംബം അദ്ദേഹത്തിന്റെ മരണശേഷം സ്വത്ത് കൈക്കലാക്കാൻ മാത്രമാണ് എത്തിയതെന്ന് അവർ ആരോപിച്ചു. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ താനായിരുന്നു കൂടെയുണ്ടായിരുന്നതെന്നും എന്നാൽ മരണശേഷം മൃതദേഹം കാണാൻ പോലും തന്നെ അനുവദിച്ചില്ലെന്നും ബൗൺസർമാരെ ഉപയോഗിച്ച് തന്നെ അവിടെ നിന്നും പുറത്താക്കുകയായിരുന്നുവെന്നും അനിത വേദനയോടെ പങ്കുവെച്ചു. രാജേഷ് ഖന്നയുടെ വിൽപ്പത്രത്തെക്കുറിച്ചും അതിലെ ദുരൂഹതകളെക്കുറിച്ചും താൻ ഇന്നും നിയമപോരാട്ടം തുടരുകയാണെന്ന് അവർ അറിയിച്ചു.

Related Articles
Next Story