രശ്മികയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ‘രണബാലി’; വിവാഹത്തിന് പിന്നാലെ സർപ്രൈസുമായി അണിയറപ്രവർത്തകർ

രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു

തെന്നിന്ത്യൻ സിനിമാലോകം ഏറെ കാത്തിരുന്ന വിവാഹത്തിന് പിന്നാലെ, നവദമ്പതികളായ രശ്മിക മന്ദാനയെയും വിജയ് ദേവരകൊണ്ടയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുതിയ ചിത്രം ‘രണബാലി’യുടെ പ്രത്യേക സർപ്രൈസ് പുറത്തുവിട്ടു. താരജോഡികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിലെ പുതിയ പോസ്റ്ററും ആദ്യ ഗാനവുമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ‘ഞങ്ങളുടെ രണബാലിയും ജയമ്മയും എന്നെന്നും ഒരുമിച്ച്’ എന്ന കുറിപ്പോടെ പുറത്തുവിട്ട പോസ്റ്ററിൽ ഇരുവരുടെയും കഥാപാത്രരൂപങ്ങൾ ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിലെ ‘എന്തയ്യാ സാമി’ എന്ന മനോഹരമായ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ശ്വേതാ മോഹനും അജയ് ഗോഗവാലെയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

തങ്ങളുടെ വിവാഹത്തിന് പിന്നാലെ ലഭിച്ച ഈ സ്നേഹസമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് രശ്മിക സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘ഇതാണ് ഞങ്ങൾ.. രണബാലിയും ജയമ്മയും. ഞങ്ങൾക്കിത് ഏറെ പ്രിയപ്പെട്ട സർപ്രൈസ് ആണ്’ എന്നാണ് താരം കുറിച്ചത്. ഫെബ്രുവരി 28-ന് പ്രത്യേക പ്രഖ്യാപനം ഉണ്ടാകുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. 19-ാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി, ബ്രിട്ടീഷ് ഭരണകാലത്തെ ക്രൂരതകളെയും പോരാട്ടങ്ങളെയും പ്രമേയമാക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘രണബാലി’.

രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും നേരത്തെ തന്നെ ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വിവാഹശേഷമുള്ള ആദ്യ പ്രോജക്റ്റ് എന്ന നിലയിൽ വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും ഈ ഒന്നിക്കൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

Related Articles
Next Story