വസ്ത്രധാരണത്തെ അശ്ലീലമായി ചിത്രീകരിക്കുന്നു; യുട്യൂബർമാർക്കെതിരെ ബോഡി ബിൽഡർ ആരതികൃഷ്ണ

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധകളെപ്പോലും ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നതിനെയും മോശം ആംഗിളുകളിൽ വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നതിനെയും ആരതി രൂക്ഷമായി വിമർശിച്ചു

പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് കേരളത്തിലെ ബോഡി ബിൽഡിങ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് മിസ് കേരള ഫിറ്റ്‌നസ് ജേതാവായ ആരതി കൃഷ്ണ. പുരുഷാധിപത്യം നിലനിൽക്കുന്ന ഈ കായിക മേഖലയിൽ ഒരു സ്ത്രീ എന്ന നിലയിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ അതിജീവിച്ചാണ് ആരതി ഇന്ന് പലർക്കും പ്രചോദനമാകുന്നത്. എന്നാൽ തന്റെ പ്രൊഫഷണൽ നേട്ടങ്ങളേക്കാൾ ഉപരിയായി വ്യക്തിത്വത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തരത്തിൽ ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ താരം ഇപ്പോൾ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വികാരാധീനമായ വീഡിയോയിലൂടെയാണ് താൻ നേരിടുന്ന ദുരനുഭവങ്ങൾ ആരതി തുറന്നുപറഞ്ഞത്.

പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വസ്ത്രധാരണത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധകളെപ്പോലും ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്നതിനെയും മോശം ആംഗിളുകളിൽ വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നതിനെയും ആരതി രൂക്ഷമായി വിമർശിച്ചു. കേവലം കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനായി ഒരു പെൺകുട്ടിയുടെ അന്തസ്സിനെ സോഷ്യൽ മീഡിയയിൽ ലേലം വിളിക്കുന്ന പ്രവണത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് താരം ചൂണ്ടിക്കാട്ടി. തന്റെ വാക്കുകളെ വളച്ചൊടിച്ച് ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നത് തന്നെയും കുടുംബത്തെയും മാനസികമായി തളർത്തുന്നുവെന്നും ഈ അവസ്ഥയിൽ ഇവിടെ ജീവിക്കാൻ തന്നെ പേടിയാകുന്നുവെന്നും താരം വേദനയോടെ പങ്കുവെച്ചു.

സോഷ്യൽ മീഡിയയിലെ 'ലൈംഗിക ദാരിദ്ര്യത്തിന്' തന്നെ ഇരയാക്കരുതെന്നും അഭിനേതാക്കളും കായികതാരങ്ങളും വെറും വസ്തുക്കളല്ലെന്നും ആരതി ഓർമ്മിപ്പിച്ചു. ഇത്തരം മോശം പ്രവണതകൾ അവസാനിപ്പിക്കണമെന്നും സ്ത്രീകൾക്ക് മാന്യമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും താരം ആവശ്യപ്പെട്ടു. സൈബർ ഇടങ്ങളിലെ അശ്ലീല പ്രചാരണങ്ങൾക്കെതിരെ ഉറച്ച നിലപാടെടുത്ത ആരതിക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. താൻ എവിടെ നിന്ന് വന്നോ അവിടേക്ക് തിരിച്ചുപോകാതെ, ഇത്രയും കാലം കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത കരിയറിനായി പോരാട്ടം തുടരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ആരതി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Related Articles
Next Story