തിഹാർ ജയിലിൽ മരണം കൊതിച്ച നിമിഷങ്ങൾ; ആറു കോടിയുടെ തട്ടിപ്പുകേസും ഇ.ഡി അറസ്റ്റും; നാലുമാസത്തെ ജയിൽവാസം തന്നെ തകർത്തെന്ന് താരം

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി നാലുമാസത്തോളം ഡൽഹിയിലെ തിഹാർ ജയിലിൽ കഴിഞ്ഞതിന്റെ നടുക്കുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി സന്ദീപ വിർക്. ജയിലിലെ ജീവിതം ശാരീരികമായും മാനസികമായും തന്നെ തളർത്തിയെന്നും, സാഹചര്യങ്ങൾ അങ്ങേയറ്റം മോശമായതിനാൽ പലപ്പോഴും മരിച്ചുപോയിരുന്നെങ്കിൽ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. സിമ്രാൻ ജോട്ടുമായുള്ള അഭിമുഖത്തിനിടെ വികാരാധീനയായാണ് സന്ദീപ തന്റെ ജയിൽ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. മര്യാദയ്ക്ക് നിൽക്കാൻ പോലും കഴിയാത്ത വിധം ആരോഗ്യം വഷളായ ആ നാളുകൾ ഇന്നും ഓർക്കുമ്പോൾ തനിക്ക് കരച്ചിൽ വരുമെന്ന് താരം പറഞ്ഞു.

ജയിലിലെ വൃത്തിഹീനമായ അന്തരീക്ഷവും കഠിനമായ നിയമങ്ങളും തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്ന് സന്ദീപ ഓർത്തെടുത്തു. അഞ്ഞൂറോളം തടവുകാർക്കൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും വെറും നിലത്താണ് കിടന്നുറങ്ങിയിരുന്നതെന്നും താരം പറഞ്ഞു. അസഹനീയമായ ഭക്ഷണവും ഉപയോഗിക്കാൻ കഴിയാത്ത അത്രയും വൃത്തിഹീനമായ ശുചിമുറികളും വലിയ വെല്ലുവിളിയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരിൽ ചിലർ തടവുകാരോട് ദേഷ്യം തീർക്കുന്ന രീതിയിലാണ് പെരുമാറിയിരുന്നത്. തന്റെ ആരോഗ്യം തീർത്തും മോശമായപ്പോൾ മറ്റൊരാളുടെ സഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ടായെന്നും ആ നടുക്കം ഇന്നും തന്നെ വേട്ടയാടുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ജയിലിലായിരുന്ന സമയത്ത് തന്നെ കാണാൻ മാതാപിതാക്കൾ വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടകരമായ നിമിഷമെന്ന് സന്ദീപ പറഞ്ഞു. മകൾ കാരണം പ്രായമായ മാതാപിതാക്കൾക്ക് ജയിലിലെ അഴികൾക്ക് മുന്നിൽ നിൽക്കേണ്ടി വന്നതിൽ തനിക്ക് വലിയ കുറ്റബോധമുണ്ടായിരുന്നു. അന്ന് അവരോട് മാപ്പ് ചോദിച്ചുവെന്നും ആ നിമിഷം തന്നെ തകർത്തു കളഞ്ഞുവെന്നും താരം വെളിപ്പെടുത്തി. ആറു കോടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത സന്ദീപയ്ക്ക് അടുത്തിടെയാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മോഹൻലാൽ നായകനായ 'ശിക്കാർ', അജിത്തിന്റെ 'മങ്കാത്ത' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സന്ദീപ വിർക്.

Related Articles
Next Story