പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡിൽ കുടുങ്ങി നടി മീര നന്ദനും ഭർത്താവ് ശ്രീജുവും
2026-ലെ തങ്ങളുടെ ആദ്യ വിദേശയാത്രയായിരുന്നു ഇതെന്നും തായ്‌ലാൻഡിൽ ചെലവഴിച്ച സമയം മനോഹരമായിരുന്നുവെന്നും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ യാത്രാതടസ്സങ്ങൾ നേരിട്ട് നടി മീര നന്ദനും ഭർത്താവ് ശ്രീജുവും. അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തായ്‌ലാൻഡിലേക്ക് തിരിച്ച ദമ്പതികൾ നിലവിൽ അവിടെ കുടുങ്ങിയിരിക്കുകയാണ്. തങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ച എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും മീര നന്ദി അറിയിച്ചു. 2026-ലെ തങ്ങളുടെ ആദ്യ വിദേശയാത്രയായിരുന്നു ഇതെന്നും തായ്‌ലാൻഡിൽ ചെലവഴിച്ച സമയം മനോഹരമായിരുന്നുവെന്നും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
സ്വന്തം വീടായി കാണുന്നത് യു.എ.ഇയെ എന്ന് മീര
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ പലരും നിർദേശിച്ചെങ്കിലും, തങ്ങളുടെ മനസ്സ് യു.എ.ഇയിലാണെന്ന് മീര വ്യക്തമാക്കി. യു.എ.ഇയിലേക്ക് മടങ്ങാൻ തങ്ങൾ അത്രയേറെ ആഗ്രഹിക്കുന്നുവെന്നും, ഒരു സ്ഥലം സ്വന്തം വീടായി തോന്നുമ്പോൾ മാത്രമാണ് ഇത്തരമൊരു വികാരം ഉണ്ടാകുന്നതെന്നും താരം കുറിച്ചു. കഴിഞ്ഞ 11 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന തനിക്കും, ഒന്നര വർഷമായി അവിടെയുള്ള ഭർത്താവിനും ആ രാജ്യം നൽകുന്ന സുരക്ഷിതബോധം വളരെ വലുതാണെന്നും മീര സാക്ഷ്യപ്പെടുത്തുന്നു. യു.എ.ഇയിലെ ഭരണാധികാരികളോടും അവിടുത്തെ ജനങ്ങളോടും താരം ഹൃദയപൂർവ്വം നന്ദി അറിയിച്ചു. യാത്രാ തടസ്സങ്ങൾ നീങ്ങി എന്ന് തിരികെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെങ്കിലും, സാഹചര്യം അനുകൂലമാകുന്നത് വരെ തായ്‌ലാൻഡിൽ തന്നെ തുടരാനാണ് ഇവരുടെ തീരുമാനം.
വിമാനത്താവളങ്ങൾ അടച്ചു; പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷം
ഇറാനിലുടനീളം ഇസ്രായേലും അമേരിക്കയും വ്യാപകമായ ബോംബിങ് തുടരുകയാണ്. ഇതിന് മറുപടിയായി ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഈ സാഹചര്യത്തിൽ മേഖലയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ദുബായ് വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതാണ് മീര നന്ദൻ ഉൾപ്പെടെയുള്ള പ്രവാസികൾക്കും യാത്രക്കാർക്കും മടക്കയാത്ര ദുഷ്കരമാക്കുന്നത്.
