ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി തുടങ്ങുന്നതിന് മുൻപ് തന്നെ, നിർമ്മാതാവ് എന്ന നിലയിൽ മലയാള സിനിമയിൽ വലിയൊരു പരീക്ഷണ യാത്ര നടത്തിയ മോഹൻലാൽ
ഐ.വി. ശശിയുടെ അടിയൊഴുക്കുകൾ, കരിമ്പിൻപൂവിനക്കരെ, സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പ്രിയദർശന്റെ ആര്യൻ തുടങ്ങിയ ചിത്രങ്ങളിൽ സഹനിർമാതാവായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്ത് ചുവടുറപ്പിച്ചത്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയക്കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. ആശിർവാദ് സിനിമാസ് എന്ന ബാനറിൽ ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി ബ്ലോക്ക്ബസ്റ്ററുകളാണ്. എന്നാൽ ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി തുടങ്ങുന്നതിന് മുൻപ് തന്നെ, നിർമ്മാതാവ് എന്ന നിലയിൽ മോഹൻലാൽ മലയാള സിനിമയിൽ വലിയൊരു പരീക്ഷണ യാത്ര നടത്തിയിരുന്നു. ഐ.വി. ശശിയുടെ അടിയൊഴുക്കുകൾ, കരിമ്പിൻപൂവിനക്കരെ, സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പ്രിയദർശന്റെ ആര്യൻ തുടങ്ങിയ ചിത്രങ്ങളിൽ സഹനിർമാതാവായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് സ്വന്തമായി 'പ്രണവം ആർട്സ് ഇന്റർനാഷണൽ' എന്ന നിർമാണ കമ്പനി അദ്ദേഹം ആരംഭിച്ചു.
പ്രണവം ആർട്സിന്റെ ബാനറിൽ ഒൻപത് വർഷത്തിനുള്ളിൽ പത്തോളം സിനിമകൾ നിർമിക്കാൻ മോഹൻലാലിന് സാധിച്ചു. ഇതിൽ പല ചിത്രങ്ങളും മലയാള സിനിമയിലെ ക്ലാസിക്കുകളായി ഇന്നും നിലനിൽക്കുന്നു. സിബി മലയിലിന്റെ 'ഭരതം', ഷാജി എൻ. കരുണിന്റെ 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളുടെ നിർമാണം മോഹൻലാൽ എന്ന നടന് മികച്ച നടനുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിക്കൊടുത്തു. ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, മിഥുനം, കന്മദം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം പിൻഗാമി, ഹരികൃഷ്ണൻസ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളും പ്രണവം ആർട്സ് നിർമിക്കുകയുണ്ടായി.
എങ്കിലും പ്രണവം ആർട്സിന്റെ യാത്ര എല്ലായ്പ്പോഴും ലാഭകരമായിരുന്നില്ല. 'കാലാപാനി', 'പിൻഗാമി' തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടിയില്ല. 1998-ലെ ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, 3.8 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ കാലാപാനി നിർമ്മാതാവായ മോഹൻലാലിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചത്. നിർമ്മാണ രംഗത്തെ ഈ തിരിച്ചടികൾ അദ്ദേഹത്തെ ഏറെ മാനസികമായി ബാധിച്ചിരുന്നു. ഈ കാലഘട്ടത്തെക്കുറിച്ച് നടനും സുഹൃത്തുമായ ശ്രീനിവാസൻ മുൻപ് കൈരളി ടിവിയിലെ ഒരു ടോക്ക് ഷോയിൽ സംസാരിച്ചിരുന്നു. സിനിമയിലെ നഷ്ടങ്ങളും പ്രതിസന്ധികളും മോഹൻലാലിനെ ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ പ്രേരിപ്പിച്ചിരുന്നു എന്നാണ് ശ്രീനിവാസൻ വെളിപ്പെടുത്തിയത്.
നിർമാണം നിർത്തി എല്ലാം ഉപേക്ഷിച്ച് ഹിമാലയത്തിലേക്ക് കാൽനടയായി യാത്ര പോകാൻ മോഹൻലാൽ അക്കാലത്ത് ആലോചിച്ചിരുന്നു. പണമൊന്നും കയ്യിൽ കരുതുകയില്ലെന്നും, ദിവസവും അൻപത് കിലോമീറ്റർ നടക്കുമെന്നും, ഭക്ഷണത്തിനായി വഴിയേ കാണുന്നവർക്ക് വേണ്ടി ജോലി ചെയ്ത് ജീവിക്കുമെന്നും അദ്ദേഹം പ്ലാൻ ചെയ്തിരുന്നു. ഹിമാലയം വരെ നടന്ന് ഒരു പൈസ പോലും ഇല്ലാതെ മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ആലോചനയെന്ന് ശ്രീനിവാസൻ ചിരിയോടെ ഓർത്തെടുത്തു. ഈ നിർമാണ പരീക്ഷണങ്ങളുടെയും മാനസികമായ ആ ഘട്ടത്തിന്റെയും ശേഷമാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരുമായി കൈകോർത്ത് ആശിർവാദ് സിനിമാസ് ആരംഭിച്ചത്. ആ കൂട്ടുകെട്ട് പിന്നീട് മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായി മാറുകയും ചെയ്തു.
