മൂന്നാമതൊരു വിവാഹമില്ല; അഭ്യൂഹങ്ങൾ തള്ളി ഷൊയ്ബ് മാലിക്ക്; സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണവുമായി മുൻ താരം

തന്റെ മകൻ ഇത്തരം വ്യാജ റിപ്പോർട്ടുകൾ വായിക്കുന്ന പ്രായത്തിലായതിനാൽ, പണത്തിനും വ്യൂസിനും വേണ്ടി ഇത്തരം മുടന്തൻ ന്യായങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ടവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

മൂന്നാമതൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്ക്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും ചില വാർത്താ സൈറ്റുകളിലും വരുന്ന അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് അദ്ദേഹം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

2023-ന്റെ തുടക്കത്തിൽ തന്റെ ആദ്യ വിവാഹബന്ധം അവസാനിച്ചുവെന്നും, പരസ്പര സമ്മതത്തോടെ മകനെ ഒരുമിച്ച് വളർത്താൻ തീരുമാനിച്ചുവെന്നും ഷൊയ്ബ് മാലിക്ക് വ്യക്തമാക്കി. ഇതിനുശേഷം മാത്രമാണ് താൻ പുനർവിവാഹം കഴിച്ചത്. താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികളുമായി തന്നെ ബന്ധപ്പെടുത്തിയും, തന്റെ ഇപ്പോഴത്തെ ഭാര്യയെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തിയും ചിലർ പ്രശസ്തിക്ക് വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ നിശബ്ദതയെ ചിലർ മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മകൻ ഇത്തരം വ്യാജ റിപ്പോർട്ടുകൾ വായിക്കുന്ന പ്രായത്തിലായതിനാൽ, പണത്തിനും വ്യൂസിനും വേണ്ടി ഇത്തരം മുടന്തൻ ന്യായങ്ങൾ പ്രചരിപ്പിക്കുന്നത് തന്റെ പ്രിയപ്പെട്ടവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വിമർശനങ്ങളും സൂക്ഷ്മപരിശോധനയും താൻ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഷൊയ്ബ് മാലിക്ക് വ്യക്തമാക്കി.

ലൈക്കുകൾക്കും വ്യൂസുകൾക്കും അപ്പുറം ജീവിതത്തിൽ പല കാര്യങ്ങളുമുണ്ടെന്നും, ഉത്തരവാദിത്തത്തോടെ വാർത്തകൾ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തന്റെ കുടുംബത്തെ വേദനിപ്പിക്കുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും, വ്യക്തിജീവിതത്തെക്കുറിച്ച് അനുമാനങ്ങൾ നടത്തുന്നവർക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles
Next Story