ചെരിപ്പിടാതെ വിജയിയുടെ കല്യാണത്തിനെത്തി രാം ചരൺ
ശബരിമലയ്ക്ക് പോകാൻ വ്രതമെടുക്കുന്നതിനാലാണ് അദ്ദേഹം അതീവ ലളിതമായി വിവാഹ സൽക്കാരത്തിനെത്തിയത്

ഹൈദരാബാദിൽ നടന്ന വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ സൽക്കാരം ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ താരനിബിഡമായ ഒരു ഒത്തുചേരലായി മാറി. പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ നവദമ്പതികൾക്ക് ആശംസകളുമായി ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിലെ സവിശേഷമായ സാന്നിധ്യം നടൻ രാം ചരൺ തേജയുടേതായിരുന്നു. കറുപ്പ് വസ്ത്രമണിഞ്ഞ്, താടിയും മുടിയും നീട്ടി വളർത്തി ചെരിപ്പില്ലാതെയാണ് അദ്ദേഹം വിവാഹ സൽക്കാരത്തിനെത്തിയത്. ഭാര്യ ഉപാസന കാമിനേനിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായാണ് അദ്ദേഹം അതീവ ലളിതമായ വേഷത്തിൽ ചടങ്ങിൽ എത്തിയത്.
അടുത്തിടെ രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷവാർത്തയും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി സ്ത്രീകൾ ആണെന്നും, ഇപ്പോൾ രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞും അടങ്ങുന്നതാണ് തങ്ങളുടെ കുടുംബമെന്നും രാം ചരൺ നേരത്തെ പ്രതികരിച്ചിരുന്നു. താരദമ്പതികളുടെ സന്തോഷനിമിഷങ്ങളും രാം ചരണിന്റെ ലളിതമായ വേഷവിധാനവും ആരാധകർക്കിടയിൽ ഏറെ ചർച്ചയായി.
