പിന്നീട് ആ കുട്ടി ആത്മഹത്യ ചെയ്‌തു;എനിക്ക് അപ്പോഴേക്കും ടൈഫോയ്‌ഡ് ഒക്കെ വന്നു ഗുരുതരാവസ്ഥയിൽ ആയിരുന്നു: സിനിമ ജീവിതം തുറന്ന് പറഞ്ഞ് അപ്പ ഹാജ

സിനിമയിൽ നിന്ന് ആരും രാഷ്ട്രീയത്തിലേക്ക് പോവരുതെന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ, ഇവർ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നുണ്ട്. ഇപ്പോൾ സുരേഷ് ഗോപി ആണെങ്കിലും കൃഷ്‌ണകുമാർ ആണെങ്കിലും ഗണേഷ് ആണെങ്കിലും മുകേഷ് ആണെങ്കിലും ആരെക്കുറിച്ചും ഒരു മോശം അഭിപ്രായം ആർക്കും ഉണ്ടാവില്ലല്ലോ

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളായ അപ്പാ ഹാജ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു. 'ഇൻ ഹരിഹർ നഗർ' എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംപിടിച്ച താരം ഒരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരികെയെത്തുന്നത്. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തിലെ ആദ്യകാല അനുഭവങ്ങളെക്കുറിച്ചും, സഹപ്രവർത്തകരെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം മനസ്സ് തുറന്നു.

സിനിമയിലെ തന്റെ തുടക്കകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ അപ്പാ ഹാജ പങ്കുവെക്കുന്നത് ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്. ഐ.വി. ശശി സംവിധാനം ചെയ്ത 'ഇണ' ആയിരുന്നു ആദ്യ ചിത്രം. എന്നാൽ ഷൂട്ടിങ് സമയത്ത് സഹനടി ആത്മഹത്യ ചെയ്തതും പിന്നാലെ തനിക്ക് ടൈഫോയിഡ് പിടിപെട്ടു ഗുരുതരാവസ്ഥയിലായതും കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. കഥ കേൾക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ എക്സ്പോസ്ഡ് ആയ രംഗങ്ങൾ സിനിമയിൽ വന്നത് അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, ആ സിനിമ പിന്നീട് വലിയ ഹിറ്റായി മാറി. പിന്നീട് 'എന്നെന്നും കണ്ണേട്ടൻ' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

സിനിമയിൽ പ്രവർത്തിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് കടന്നു വരാതിരിക്കുന്നതാണ് നല്ലതെന്ന് അപ്പാ ഹാജ തന്റെ നിലപാട് വ്യക്തമാക്കി. സുരേഷ് ഗോപി, കൃഷ്ണകുമാർ, ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയ താരങ്ങളെല്ലാം രാഷ്ട്രീയത്തിലുണ്ടെങ്കിലും അവരെക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിൽ സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം ഇതിലും വലിയ ഉയരങ്ങൾ എത്തേണ്ട ആളാണെന്നും, ഒരൊറ്റ മികച്ച സിനിമയിലൂടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് കഴിയുമെന്നും അപ്പാ ഹാജ കൂട്ടിച്ചേർത്തു.

മുകേഷുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു. ഇരുവരും ചേർന്ന് നടത്തിയ യാത്രകൾ ഇന്നും നല്ല ഓർമകളായി താരം സൂക്ഷിക്കുന്നു. എന്തായാലും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുന്ന അപ്പാ ഹാജയുടെ തിരിച്ചുവരവിനെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ നോക്കിക്കാണുന്നത്. 'തലസ്ഥാനം' സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിനിർത്തി, ഒരു പുതിയ തുടക്കത്തിനായി താൻ തയ്യാറെടുക്കുകയാണെന്നും താരം സൂചിപ്പിച്ചു.

Related Articles
Next Story