തീവ്രവാദികളെ ശ്രദ്ധിക്കേണ്ട നീ നിന്റെ സന്തോഷം കണ്ടെത്തു ; റെനീഷ റഹ്മാന് പിന്തുണ നൽകി ബിഗ്‌ബോസ് താരം അഖിൽ മാരാർ
ആറ്റുകാൽ പൊങ്കാലയ്ക്ക് റെനീഷയും പങ്കെടുത്തിരുന്നു. ആദ്യമായി പൊങ്കാല ഇട്ട സന്തോഷം റെനീഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെ വലിയതോതിൽ സൈബർ അറ്റാക്കാണ് റെനീഷയ്ക്ക് നേരിടേണ്ടി വന്നത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി റെനീഷ റഹ്മാൻ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. മാർച്ച് 3-ന് നടന്ന ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത തന്റെ സന്തോഷം റെനീഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകളിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണങ്ങൾ താരത്തിന് നേരിടേണ്ടി വന്നത്. നോമ്പ് കാലത്ത് ഇത്തരമൊരു ചടങ്ങിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്തും, മതം മാറാൻ ആവശ്യപ്പെട്ടും നിരവധി പേർ താരത്തിന് നേരെ വിമർശനങ്ങൾ ഉന്നയിച്ചു. എന്നാൽ, ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ തന്റെ ഭാഗം വ്യക്തമാക്കി റെനീഷ തന്നെ നേരിട്ട് രംഗത്തെത്തുകയും വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. റെനീഷയുടെ മറുപടിയെ കേരളക്കര വലിയ രീതിയിലാണ് സ്വീകരിച്ചത്.
ഈ സാഹചര്യത്തിൽ റെനീഷയ്ക്ക് പിന്തുണയുമായി ബിഗ് ബോസിലെ സഹമത്സരാർത്ഥിയായിരുന്ന അഖിൽ മാരാർ രംഗത്തെത്തിയിരിക്കുകയാണ്. മതത്തെ അപമാനിക്കാൻ ശ്രമിക്കുന്ന തീവ്രവാദ ചിന്താഗതിക്കാരെ അവഗണിച്ച് സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകി മുന്നോട്ടുപോകാനാണ് അഖിൽ നൽകുന്ന ഉപദേശം. റെനീഷ അനുഭവിക്കുന്ന നെഗറ്റിവിറ്റി അവരുടേതല്ലെന്നും, മറിച്ച് അവരെ എതിർക്കുന്നവരുടെ സമൂഹത്തിന്റേതാണെന്നും അഖിൽ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. റെനീഷയ്ക്ക് ഒപ്പമുണ്ടാകുമെന്ന ഉറപ്പും അഖിൽ മാരാർ നൽകിയിട്ടുണ്ട്. പ്രിയപ്പെട്ട താരത്തിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ വലിയൊരു വിഭാഗം ആരാധകരും ഇപ്പോൾ പിന്തുണയുമായി രംഗത്തുണ്ട്.
