റെനീഷ റഹ്മാനെതിരായ സൈബർ ആക്രമണം: രൂക്ഷവിമർശനവുമായി ഉസ്താദ് അൻസാരി സുഹ്‌രി

. ആധുനിക കാലത്ത് മുസ്ലിം കുടുംബങ്ങൾ നേരിടുന്ന ഏറ്റവും വലിയ ശാപം സോഷ്യൽ മീഡിയയിൽ 'ആങ്ങള' ചമഞ്ഞ് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന ഒരുപറ്റം യുവാക്കളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ നടി റെനീഷ റഹ്മാനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി യുട്യൂബർ ഉസ്താദ് അൻസാരി സുഹ്‌രി രംഗത്തെത്തി. ആധുനിക കാലത്ത് മുസ്ലിം കുടുംബങ്ങൾ നേരിടുന്ന ഏറ്റവും വലിയ ശാപം സോഷ്യൽ മീഡിയയിൽ 'ആങ്ങള' ചമഞ്ഞ് മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്ന ഒരുപറ്റം യുവാക്കളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതം എന്നത് വികാരമല്ലെന്നും മറിച്ച് മാന്യമായ ഉപദേശമാണെന്നും ഓർമ്മിപ്പിച്ച അദ്ദേഹം, മറ്റുള്ളവരെ ഉടുപ്പിക്കാനും തട്ടമിടീപ്പിക്കാനും ഇറങ്ങിത്തിരിക്കുന്നവർക്ക് മതം ഒരുതരം ലഹരിയായി മാറിയിരിക്കുകയാണെന്നും പരിഹസിച്ചു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും ഇഷ്ടമുള്ളത് വിശ്വസിക്കാനും പ്രവർത്തിക്കാനും അവകാശമുണ്ടെന്നും, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ റെനീഷയുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ സഹോദര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതാണ് യഥാർത്ഥ മതേതരത്വമെന്ന് അൻസാരി സുഹ്‌രി നിരീക്ഷിച്ചു. നാട്ടിലെ മുഴുവൻ സ്ത്രീകളെയും നന്നാക്കാൻ ഇറങ്ങിത്തിരിക്കുന്നവർ സ്വന്തം ഉത്തരവാദിത്തങ്ങൾ മറക്കുകയാണെന്നും, മറ്റുള്ളവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നത് മതമല്ല, മറിച്ച് 'ആനയ്ക്ക് പൊട്ടുന്ന മദമാണെന്നും' അദ്ദേഹം ആഞ്ഞടിച്ചു. റെനീഷയ്ക്ക് എവിടെ പോകണമെന്നോ എവിടെ തൊഴണമെന്നോ തീരുമാനിക്കാൻ അവർക്ക് അവകാശമുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നത് ശുദ്ധ കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഗ് ബോസ് താരമായ റെനീഷ റഹ്മാൻ പൊങ്കാലയിട്ട ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ, റംസാൻ മാസത്തിൽ ഇത്തരമൊരു പ്രവർത്തി നടത്തിയത് മതവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം വിദ്വേഷ കമന്റുകളുമായി എത്തിയത്.

Related Articles
Next Story