പൊങ്കാലക്ക് പങ്കെടുത്തത്തിന്റെ പേരിൽ സൈബർ ആക്രമണം നടത്തിയവർക്ക് മറുപടിയുമായി നടി ബീന ആന്റണി

ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചതെങ്കിലും താൻ ഇന്നും ക്രിസ്ത്യാനിയായിത്തന്നെയാണ് ജീവിക്കുന്നതെന്നും, എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന കുടുംബ പശ്ചാത്തലമാണ് തന്റേതെന്നും ബീന ആന്റണി പറഞ്ഞു

ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും മറുപടിയുമായി നടി ബീന ആന്റണി രംഗത്തെത്തി. പൊങ്കാലയിട്ടതോടെ താൻ മതം മാറിയെന്നും ബിജെപിയിൽ ചേരുകയാണെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചതെങ്കിലും താൻ ഇന്നും ക്രിസ്ത്യാനിയായിത്തന്നെയാണ് ജീവിക്കുന്നതെന്നും, എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന കുടുംബ പശ്ചാത്തലമാണ് തന്റേതെന്നും ബീന ആന്റണി പറഞ്ഞു. തന്റെ പിതാവ് പോലും മുൻപ് മലയ്ക്ക് പോയിട്ടുണ്ടെന്നും വിശ്വാസങ്ങളെ ബഹുമാനിക്കുന്നതിൽ തെറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു.

താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണം വെറും 'തള്ളാണെന്നും' രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. കലാലയ കാലത്ത് കോൺഗ്രസ് അനുഭാവിയായിരുന്നെങ്കിലും ഇപ്പോൾ രാഷ്ട്രീയത്തിന് അതീതമായി ഒരു കലാകാരിയായി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. തന്നെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച താരം, ഇത്തരം സൈബർ ആക്രമണങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി. താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ മറ്റുള്ളവർ എന്തിന് ഇത്രയധികം അസ്വസ്ഥരാകുന്നു എന്ന ചോദ്യവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു

Related Articles
Next Story