ബോളിവുഡിൽ ചീത്തപ്പേര് ഇല്ലാത്ത നടന്മാർ ആരുണ്ട് ; ബച്ചൻ മുതൽ അമീർഖാൻ വരെ ആ ലിസ്റ്റിൽ ഉണ്ട്. വിവാദ പരാമർശം നടത്തി നടൻ ഗോവിന്ദ

സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, ഇത്തരം വിവാദങ്ങളിൽ തന്റെ പേര് മാത്രമല്ലാതെ പലരുടെയും പേരുകൾ ഉയർന്നു വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഗോവിന്ദ.

സിനിമാ ലോകത്തെ തന്റെ നീണ്ട ഇടവേളയെക്കുറിച്ചും കരിയറിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് ബോളിവുഡ് താരം ഗോവിന്ദ. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ്, കഴിഞ്ഞ ആറ് വർഷമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന താരം തന്റെ കരിയറിലെ വിവാദങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് സംസാരിച്ചത്. സിനിമാ ഇൻഡസ്ട്രിയിൽ എല്ലാവരും എന്നെങ്കിലും ഒരിക്കൽ പുറന്തള്ളപ്പെടുകയോ മോശമായ പ്രതിച്ഛായ നൽകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന തുടങ്ങിയ ഇതിഹാസ താരങ്ങൾ പോലും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാൾ അമിതമായി സ്നേഹിക്കപ്പെടുമ്പോൾ മറ്റുള്ളവർ അയാളെ ഭയപ്പെടാൻ തുടങ്ങുമെന്നും, അത്തരക്കാരെ മനഃപൂർവം മോശക്കാരാക്കാൻ ശ്രമങ്ങൾ നടക്കാറുണ്ടെന്നും ഗോവിന്ദ നിരീക്ഷിച്ചു. ആമിർ ഖാന്റെ ഉദാഹരണം ഉയർത്തിക്കാട്ടിയ താരം, മോശം പ്രതിച്ഛായയിൽ നിന്ന് 'പെർഫെക്ഷനിസ്റ്റ്' എന്ന നിലയിലേക്ക് ഒരാൾക്ക് എങ്ങനെ ഉയരാം എന്നതിനെക്കുറിച്ചും സംസാരിച്ചു.

90-കളിൽ 'രാജാ ബാബു', 'കൂലി നമ്പർ 1', 'പാർട്ടനർ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ വെള്ളിത്തിര ഭരിച്ചിരുന്ന ഗോവിന്ദയുടെ പ്രഭാവം 2000-ന് ശേഷം മങ്ങിത്തുടങ്ങിയിരുന്നു. 2019-ൽ പുറത്തിറങ്ങിയ 'രംഗീല രാജ'യാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ വിട്ടുനിൽക്കലിനൊപ്പം താരത്തിന്റെ വ്യക്തിജീവിതവും അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഭാര്യ സുനിത അഹൂജയുമായുള്ള വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നെങ്കിലും, ഇരുവരും ഇപ്പോൾ ഒത്തുതീർപ്പിലെത്തിയെന്ന് ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. കരിയറിലെ ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണെന്നും അവയെ എങ്ങനെ അതിജീവിക്കുന്നു എന്നതിലാണ് കാര്യമെന്നും പറഞ്ഞുകൊണ്ടാണ് ഗോവിന്ദ തന്റെ നിലപാട് വ്യക്തമാക്കിയത്.

Related Articles
Next Story