വിവാഹമോചന കേസിനിടെ പുതിയ ഹർജിയുമായി സംഗീത: വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യം
. തന്നെ വിവാഹം കഴിച്ചു കൊണ്ടുവന്ന വീട്ടിൽ താമസിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്

തമിഴ് സൂപ്പർതാരം വിജയ്‌ക്കെതിരെ വിവാഹമോചനക്കേസ് നൽകിയതിന് പിന്നാലെ, താൻ താമസിക്കുന്ന വീട്ടിൽ തുടർന്നും കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. തന്നെ വിവാഹം കഴിച്ചു കൊണ്ടുവന്ന വീട്ടിൽ താമസിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നിലവിലെ വസതിയിൽ നിന്ന് താൻ പുറത്താക്കപ്പെടുമോ എന്ന ആശങ്ക പ്രകടിപ്പിച്ച സംഗീത, ഇതിനായി കോടതിയുടെ ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടു. വിവിധ ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദാമ്പത്യത്തിലെ ക്രൂരതയും വിജയ്‌യുടെ പരസ്ത്രീ ബന്ധവും ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഫയൽ ചെയ്ത ഹർജിയിൽ, വിജയ്‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഇവർ ഉന്നയിക്കുന്നു. 2021-ലാണ് താൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും, ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നതായും സംഗീത ഹർജിയിൽ പറയുന്നു. എന്നാൽ വിജയ് ബന്ധം തുടരുകയും തന്നെ ഔദ്യോഗികവും സാമൂഹികവുമായ ജീവിതത്തിൽ നിന്ന് പൂർണ്ണമായും അകറ്റി നിർത്തുകയും ചെയ്തതായും അവർ ആരോപിക്കുന്നു.
വിജയ് പ്രമുഖ നടിക്കൊപ്പം വിദേശയാത്രകൾ നടത്തിയതും പൊതുചടങ്ങുകളിൽ പങ്കെടുത്തതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തനിക്കും മക്കൾക്കും വലിയ രീതിയിലുള്ള മാനസിക വിഷമവും അപമാനവും ഉണ്ടാക്കിയെന്നും സംഗീത കോടതിയെ അറിയിച്ചു. വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പെരുമാറ്റങ്ങൾ തനിക്ക് കഠിനമായ മാനസിക ക്ലേശമുണ്ടാക്കിയതായും അവർ പറഞ്ഞു. 1999 ഓഗസ്റ്റ് 25-നായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. തമിഴ് വ്യവസായിയുടെ മകളായ സംഗീത വിവാഹത്തിന് മുൻപ് വിജയ്‌യുടെ വലിയൊരു ആരാധികയായിരുന്നു. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. നിലവിൽ ജില്ലാ കോടതിയിലാണ് ഈ കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്.
