ഗോസിപ്പ് പറഞ്ഞ് കുടുംബം തകർക്കരുത് എന്ന് ഗായിക നേഹ കക്കർ

2020 ഒക്ടോബറിലായിരുന്നു നേഹ കക്കറും ഗായകൻ രോഹൻപ്രീത് സിങ്ങും വിവാഹിതരായത്

പ്രമുഖ ബോളിവുഡ് ഗായിക നേഹ കക്കറും ഭർത്താവ് രോഹൻപ്രീത് സിങ്ങും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. നേഹ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. "ഉത്തരവാദിത്തങ്ങളിൽ നിന്നും, ബന്ധങ്ങളിൽ നിന്നും, ജോലിയിൽ നിന്നും ഒരു ഇടവേള എടുക്കുന്നു" എന്നതായിരുന്നു നേഹയുടെ ആ കുറിപ്പ്. തൊട്ടുപിന്നാലെ പാപ്പരാസികളോട് തന്റെ ചിത്രങ്ങൾ പകർത്തരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള മറ്റൊരു സ്റ്റോറിയും താരം പങ്കുവെച്ചിരുന്നു. ഇതോടെ നേഹയും രോഹൻപ്രീതും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ഇരുവരും വേർപിരിയുകയാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായി.

എന്നാൽ, ഈ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും തന്റെ കുടുംബത്തെയോ ഭർത്താവിനെയോ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നേഹ വ്യക്തമാക്കി. "ദയവായി എന്റെ നിഷ്കളങ്കനായ ഭർത്താവിനെയും മധുരമുള്ള കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പരിശുദ്ധരായ വ്യക്തികളാണവർ. ഇന്ന് ഞാൻ എന്തായിട്ടുണ്ടോ അതിന് കാരണം അവരുടെ പിന്തുണയാണ്. ചില വ്യക്തികളോടും ഈ സിസ്റ്റത്തോടുമുള്ള മടുപ്പാണ് ഞാൻ പങ്കുവെച്ചത്," നേഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ താൻ ഇത്രയധികം വികാരാധീനയാകാൻ പാടില്ലായിരുന്നുവെന്നും കാര്യങ്ങൾ പർവ്വതീകരിച്ചു കാണിക്കാൻ മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും നേഹ കൂട്ടിച്ചേർത്തു. വ്യക്തിജീവിതത്തെക്കുറിച്ച് ഇനി പരസ്യമായി സംസാരിക്കില്ലെന്ന തീരുമാനവും താരം അറിയിച്ചു. 2020 ഒക്ടോബറിലായിരുന്നു നേഹ കക്കറും ഗായകൻ രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. സിനിമാ-സംഗീത ലോകത്തെ പ്രിയപ്പെട്ട ദമ്പതികളിലൊന്നായ ഇരുവരെയും കുറിച്ചുള്ള വാർത്തകൾ നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായത്.

Related Articles
Next Story