പേരിലെ ഭഗവാൻ കാരണം സെൻസർ അനുമതി കിട്ടി ഇല്ല ; ഒടുവിൽ പേര് മാറ്റി തെലുഗ് ചിത്രം
തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന പുതിയ കോമഡി ചിത്രമായ 'ഹേ ഭഗവാൻ' സെൻസർ ബോർഡിന്റെ കർശന ഇടപെടലിനെത്തുടർന്ന് പേര് മാറ്റി

തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന പുതിയ കോമഡി ചിത്രമായ 'ഹേ ഭഗവാൻ' സെൻസർ ബോർഡിന്റെ കർശന ഇടപെടലിനെത്തുടർന്ന് പേര് മാറ്റി. ചിത്രത്തിന്റെ പേരിൽ 'ഭഗവാൻ' എന്ന വാക്ക് ഉപയോഗിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തിയേക്കാം എന്ന നിരീക്ഷണത്തെത്തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് ചിത്രത്തിന്റെ പേര് 'ഹേ ബൽവന്ത്' എന്ന് പുനർനാമകരണം ചെയ്തിരിക്കുകയാണ്. സെൻസർ ബോർഡിന്റെ നിർദ്ദേശപ്രകാരം പേര് മാറ്റിയതോടെ ചിത്രത്തിന് പ്രദർശനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയിട്ടുണ്ട്.
സാധാരണക്കാരനായ ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളെ കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്. പേര് മാറ്റത്തെ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 'കളർ ഫോട്ടോ', 'അംബാജിപ്പേട്ട മാരേജ് ബാൻഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഹാസിന്റെ പുതിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പേര് മാറ്റിയ സാഹചര്യത്തിൽ ഉടൻ തന്നെ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിടും.
