നടി ദിവ്യ പ്രഭയെ പ്രകീർത്തിച്ച് സംവിധായകൻ കൃഷാന്ത്.

'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ ഒരു രംഗം മാത്രം മുൻനിർത്തി അവരെ ജഡ്ജ് ചെയ്യുന്നത് ശരിയല്ലെന്നും കൃഷാന്ത് പറഞ്ഞു

ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി ഇന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നടി ദിവ്യ പ്രഭയെ പ്രകീർത്തിച്ച് സംവിധായകൻ കൃഷാന്ത്. ദിവ്യ പ്രഭ ഒരു അന്താരാഷ്ട്ര താരമാണെന്നും എന്നാൽ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ ഒരു രംഗം മാത്രം മുൻനിർത്തി അവരെ ജഡ്ജ് ചെയ്യുന്നത് ശരിയല്ലെന്നും കൃഷാന്ത് പറഞ്ഞു. ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിലാണ് 'മസ്തിഷ്കമരണം' എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ കൃഷാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ കാനിൽ പോയി പുരസ്കാരം നേടിയ ഒരു സിനിമയിലെ ആർട്ടിസ്റ്റാണ് ദിവ്യ പ്രഭയെന്നും ആ നേട്ടം ഓസ്കാറിനേക്കാൾ വലിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്കാറിന് പിന്നിൽ പലപ്പോഴും ഫണ്ടിംഗും പ്രത്യേക കമ്മിറ്റികളുമൊക്കെ ഉണ്ടാകാറുണ്ടെന്നും എന്നാൽ കാനിന്റെ പ്രസക്തി അങ്ങനെയല്ലെന്നും കൃഷാന്ത് നിരീക്ഷിച്ചു. അത്തരമൊരു വേദിയിൽ അംഗീകരിക്കപ്പെട്ട നടിയെ കേവലം ഒരു സിനിമയിലെ ക്ലിപ്പിന്റെ പേരിൽ വിലയിരുത്തുന്നത് ഇവിടുത്തെ മീഡിയ സിസ്റ്റത്തിന്റെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ആ രംഗം തിരക്കഥയുടെ ആവശ്യമാണെന്നും ഒരു വനിതാ സംവിധായികയാണ് ചിത്രം ഒരുക്കിയതെന്നും ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ടേക്ക് ഓഫ്, അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദിവ്യ പ്രഭയുടെ ഏറ്റവും പുതിയ ചിത്രമാണ് കൃഷാന്ത് സംവിധാനം ചെയ്ത 'മസ്തിഷ്കമരണം'.

Related Articles
Next Story