പോയ്‌സ് ഗാർഡനിൽ ആഡംബര വീട് സ്വന്തമാക്കി നയൻതാര
നടൻ രജനീകാന്തിന്റെയും അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും വസതികൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പോയസ് ഗാർഡൻ. ആയതിനാൽ തന്നെ തമിഴ്നാട്ടിലെ ഏറ്റവും മൂല്യമുള്ള സ്ഥലങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. 2024ൽ പോയസ് ഗാർഡനിൽ 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയതിന് സിനിമാ താരം ധനുഷ് വാർത്തകളിൽ ഇടം നേടിയിരുന്നു.

നടി നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ചെന്നൈയിലെ ഏറ്റവും വിഐപി പ്രദേശമായ പോയസ് ഗാർഡനിൽ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും സൂപ്പർതാരം രജനീകാന്തിന്റെയും വസതികൾ സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡനിലെ 'ലെഗസി' പ്രോജക്റ്റിലാണ് താരങ്ങൾ പുതിയ വീട് വാങ്ങിയത്. ഏകദേശം 31.5 കോടി രൂപ വിലമതിക്കുന്ന ഈ ഡ്യൂപ്ലക്സ് അപ്പാർട്ട്‌മെന്റ് 14,369 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. കെട്ടിടത്തിന്റെ നാലും അഞ്ചും നിലകളിലായാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ പ്രകാരം 2025 ഡിസംബർ 15-നാണ് ഇതിന്റെ വിൽപന കരാർ ഒപ്പിട്ടത്.
ഈ ആഡംബര വസതിയുടെ 90 ശതമാനം ഓഹരിയും നയൻതാരയുടെ പേരിലാണ്, ബാക്കി 10 ശതമാനം വിഘ്‌നേഷ് ശിവന്റേതാണ്. എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഈ അപ്പാർട്ട്‌മെന്റിനോടൊപ്പമുണ്ട്. നടൻ ധനുഷ് 2024-ൽ ഇതേ പ്രദേശത്ത് 150 കോടി രൂപയുടെ ബംഗ്ലാവ് നിർമ്മിച്ചത് നേരത്തെ വാർത്തയായിരുന്നു. ചെന്നൈക്ക് പുറമെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലും കേരളത്തിലും നയൻതാരയ്ക്ക് ആഡംബര വസതികളുണ്ട്. കേരളത്തിലെ താരത്തിന്റെ കുടുംബവീട് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സ്വകാര്യ വസതികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.
