'സ്ക്രീനിലെ സുന്ദരപുരുഷന് ഭയം തോന്നി'; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ശാരദക്കുട്ടി.

"ഞാനൊഴിഞ്ഞുണ്ടോ രാമൻ ഇത്ത്രിഭുവനത്തിലെന്ന് സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്" എന്നും, യുവനേതാവിന്റെ തലയെടുപ്പിലും നടപ്പിലും മമ്മൂട്ടിക്ക് പ്രകോപനം തോന്നിയതാവാമെന്നും അവർ കുറിച്ചു

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട നടൻ മമ്മൂട്ടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു. പ്രമുഖ എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. റഫീഖിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത കുറിപ്പിൽ, സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം ഉണ്ടായ അപകർഷതാബോധവും ഭയവുമാണ് ഈ പെരുമാറ്റത്തിന് പിന്നിലെന്ന് ശാരദക്കുട്ടി പരിഹസിച്ചു. "ഞാനൊഴിഞ്ഞുണ്ടോ രാമൻ ഇത്ത്രിഭുവനത്തിലെന്ന് സ്ക്രീനിലെ സുന്ദരപുരുഷന് ഒരു നിമിഷം തോന്നിപ്പോയതാണ്" എന്നും, യുവനേതാവിന്റെ തലയെടുപ്പിലും നടപ്പിലും മമ്മൂട്ടിക്ക് പ്രകോപനം തോന്നിയതാവാമെന്നും അവർ കുറിച്ചു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്നും മമ്മൂട്ടിക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.

അതേസമയം, മമ്മൂട്ടിയുടെ പരാമർശത്തെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. ഇത് ജനങ്ങളുടെ ടൗൺഷിപ്പാണെന്ന മമ്മൂട്ടിയുടെ വാക്കുകൾ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്നത്. എന്നാൽ മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം, ഇതൊരു പൂർണ്ണമായും സ്വകാര്യമായ സന്ദർശനമായിരുന്നു. മാധ്യമങ്ങളെ പോലും അറിയിക്കാതെ ചെന്നൈയിൽ നിന്നെത്തിയ താരം, ടൗൺഷിപ്പിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തന്നെ തുടർച്ചയായി അനുഗമിക്കാനും നേതാക്കൾ ശ്രമിച്ചതിലുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചത്. ആരെയും സന്ദർശനത്തിനായി താൻ ക്ഷണിച്ചിരുന്നില്ലെന്നും, സ്വകാര്യത ആഗ്രഹിച്ചതുകൊണ്ടാണ് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.

Related Articles
Next Story