'തിരിച്ചുപോകാൻ ആഗ്രഹിക്കാത്ത ഭൂതകാലം'; സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് പ്രിയങ്ക മോഹൻ
ന്നിന്ത്യൻ സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയങ്ക മോഹൻ. 'ഡോൺ', 'ക്യാപ്റ്റൻ മില്ലർ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ താരം, തന്റെ കരിയറിന്റെ ഒരു ഘട്ടത്തിൽ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്

തെന്നിന്ത്യൻ സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയങ്ക മോഹൻ. 'ഡോൺ', 'ക്യാപ്റ്റൻ മില്ലർ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ താരം, തന്റെ കരിയറിന്റെ ഒരു ഘട്ടത്തിൽ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. സുധീർ ശ്രീനിവാസനുമായുള്ള അഭിമുഖത്തിനിടെയായിരുന്നു പ്രിയങ്കയുടെ ഈ തുറന്നുപറച്ചിൽ. തനിക്കെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാമ്പയിനുകൾ നടന്നിട്ടുണ്ടെന്നും എന്നാൽ ആ ഭൂതകാലത്തെക്കുറിച്ച് ഓർക്കാൻ ഇപ്പോൾ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. സിനിമയിലെ ഇതിഹാസങ്ങളായ അഭിനേതാക്കളെയും സംവിധായകരെയും പോലും ട്രോളുന്ന കാലമാണിതെന്നും, തന്റെ നേരെയും അത്തരത്തിൽ അധിക്ഷേപങ്ങൾ ഉണ്ടായതായും പ്രിയങ്ക പറഞ്ഞു.
എങ്കിലും അത്തരം പ്രതിസന്ധികൾ തന്നെ ഒരു നല്ല മനുഷ്യനാകാൻ സഹായിച്ചുവെന്നാണ് പ്രിയങ്കയുടെ പക്ഷം. സിനിമ ഒരുപാട് അനിശ്ചിതത്വങ്ങൾ നിറഞ്ഞ മേഖലയാണെന്നും ഇവിടെ ആർക്കും എന്തും സംഭവിക്കാമെന്നും പറഞ്ഞ താരം, പരാജയങ്ങളും വിഷമഘട്ടങ്ങളും നമ്മളെ കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ സഹായിക്കുമെന്ന് കൂട്ടിച്ചേർത്തു. മോശം അനുഭവങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും അത് തന്റെ വ്യക്തിത്വത്തെ കരുത്തുറ്റതാക്കിയെന്നും പ്രിയങ്ക പറയുന്നു. സൈബർ ഇടങ്ങളിലെ നെഗറ്റിവിറ്റിയെ അതിജീവിച്ച് മുന്നേറുന്ന പ്രിയങ്കയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
