വിജയ്‌യുടെ വ്യക്തിജീവിതത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല: വിവാദങ്ങളിൽ വിശദീകരണവുമായി ലക്ഷ്മി രാമകൃഷ്ണൻ

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ വ്യക്തിജീവിതത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ താൻ യാതൊരുവിധ പരാമർശങ്ങളും നടത്തിയിട്ടില്ലെന്ന് നടിയിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ. താൻ നടത്തിയ പ്രസ്താവനകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വളച്ചൊടിച്ചതാണെന്നും അവ ആരെയും വ്യക്തിപരമായി ലക്ഷ്യമിട്ടുള്ളതല്ലെന്നും ലക്ഷ്മി തന്റെ എക്‌സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ വ്യക്തമാക്കി. സഹപ്രവർത്തകനായ വിജയ്‌യോട് തനിക്ക് എപ്പോഴും ബഹുമാനമാണുള്ളതെന്നും, അദ്ദേഹത്തിന്റെ അമ്മയോടുള്ള ആദരവ് പ്രത്യേകിച്ചും എടുത്തുപറയേണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു പൊതുവേദിയിൽ താൻ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും, അത് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായും വ്യക്തിപരമായ കാര്യങ്ങളുമായും അനാവശ്യമായി കൂട്ടിവായിക്കുകയുമായിരുന്നുവെന്ന് ലക്ഷ്മി വിശദീകരിച്ചു. യഥാർത്ഥത്തിൽ, ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് അന്ന് പങ്കുവെച്ചത്. വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിൽ അറിവുള്ളവരായിരിക്കണം രാഷ്ട്രീയക്കാർ എന്ന അഭിപ്രായമാണ് താൻ അന്ന് പ്രകടിപ്പിച്ചത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ സഹായിക്കാൻ പരിശീലനം സിദ്ധിച്ച നേതൃത്വം അനിവാര്യമാണെന്നും ലക്ഷ്മി ആവർത്തിച്ചു.
