തൃഷയെ പൊതു വേദിയിൽ അപമാനിച്ചതിനു പിന്നാലെ നടൻ വിജയ്ക്കും കൊട്ട് കൊടുത്ത് നടൻ പാർഥിപൻ
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പാർഥിപൻ പരാമർശിച്ചു. തൃഷയ്‌ക്കൊപ്പം വിജയ് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിലുണ്ടാക്കിയ പ്രതിസന്ധി വലുതാണെന്നും, അതിനേക്കാൾ വലിയ മുറിവുകൾ കരൂർ ദുരന്തം പോലും അദ്ദേഹത്തിന് ഉണ്ടാക്കിയിട്ടില്ലെന്നും പാർഥിപൻ പറഞ്ഞു

നടി തൃഷയ്‌ക്കെതിരെ താൻ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങളിൽ വിശദീകരണവുമായി നടനും സംവിധായകനുമായ പാർഥിപൻ രംഗത്ത്. കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. അവാർഡ് നിശയ്ക്കിടെ തൃഷയെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തൃഷ തന്നെ രൂക്ഷമായി വിമർശിച്ചതോടെ അദ്ദേഹം ആദ്യം ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, ഇപ്പോൾ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പാർഥിപൻ ശ്രമിക്കുന്നത്.
തെറ്റും അബദ്ധവും തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പാർഥിപന്റെ പ്രതികരണം. ഒരാൾ അറിയാതെ സംഭവിക്കുന്നതാണ് അബദ്ധമെങ്കിൽ, മനഃപൂർവം ചെയ്യുന്നതാണ് തെറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുപോലെ, മാപ്പ് പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവാർഡ് പരിപാടിക്കിടെ ദളപതി വിജയ്‌യേയും അജിത്ത് കുമാറിനേയും കുറിച്ച് സംസാരിക്കുമ്പോൾ പെട്ടെന്ന് സ്‌ക്രീനിൽ തൃഷയുടെ ചിത്രം തെളിഞ്ഞത് തന്നെ അമ്പരപ്പിച്ചുവെന്നും, ആ നിമിഷം എങ്ങനെ പ്രതികരിക്കണം എന്നറിയാതെയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തൃഷയുടെ ചിത്രം കാണിക്കാൻ താൻ ആവശ്യപ്പെട്ടുവെന്ന ആരോപണം അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പാർഥിപൻ പരാമർശിച്ചു. തൃഷയ്‌ക്കൊപ്പം വിജയ് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിലുണ്ടാക്കിയ പ്രതിസന്ധി വലുതാണെന്നും, അതിനേക്കാൾ വലിയ മുറിവുകൾ കരൂർ ദുരന്തം പോലും അദ്ദേഹത്തിന് ഉണ്ടാക്കിയിട്ടില്ലെന്നും പാർഥിപൻ പറഞ്ഞു. തൃഷ ആ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, അത് സ്റ്റേജിൽ പറയണം എന്ന് കരുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ കുന്ദവൈ, ചിന്ന പഴുവേട്ടരായർ എന്നീ കഥാപാത്രങ്ങളായി തൃഷയും പാർഥിപനും ഒന്നിച്ചഭിനയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ഗലാട്ട അവാർഡ് നിശയ്ക്കിടെ തൃഷയുടെ ചിത്രം കാണിച്ച് അവതാരകർ കുന്ദവൈയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പാർഥിപൻ വിവാദമായ പരാമർശം നടത്തിയത്. 'ഈ കുന്ദവൈയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അവരെ പുറത്ത് വിടരുത്' എന്ന അദ്ദേഹത്തിന്റെ വാക്കുകൾക്കെതിരെ തൃഷ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. സംഭവിച്ചതിൽ തെറ്റുപറ്റിയെന്നും ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഇതിനുപിന്നാലെ പാർഥിപൻ പറയുകയുണ്ടായി.
