ശ്രീവിദ്യയുടെ ആഗ്രഹം സഫലം; കൊച്ചിയിൽ സ്വന്തം വീട് സ്വന്തമാക്കി രാഹുലും ശ്രീവിദ്യയും
വൈറലായി വീഡിയോ: പാലുകാച്ചൽ ചടങ്ങിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും തങ്ങളുടെ ജീവിതത്തിലെ പുതിയൊരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. വിവാഹശേഷം കൊച്ചിയിൽ സ്വന്തമായി ഒരു വീട് വേണമെന്ന ശ്രീവിദ്യയുടെ ആഗ്രഹം രാഹുൽ സഫലീകരിച്ചിരിക്കുന്നു. കൊച്ചിയിലെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ട് രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
തന്റെ സ്വതസിദ്ധമായ കഥപറച്ചിൽ ശൈലിയിലൂടെയാണ് രാഹുൽ ഈ വിശേഷം ആരാധകരെ അറിയിച്ചത്. 2018-ൽ സിനിമ സ്വപ്നം കണ്ട് കൊച്ചിയിലെത്തിയ തനിക്ക് ഈ നഗരം ഇത്രമേൽ പ്രിയപ്പെട്ടതാകുമെന്ന് കരുതിയിരുന്നില്ലെന്ന് രാഹുൽ പറയുന്നു. വിവാഹശേഷം കൊച്ചിയിൽ ഒരു വീട് വാങ്ങിക്കൊടുക്കാമോ എന്ന് ശ്രീവിദ്യ തമാശയായി ചോദിച്ചപ്പോൾ, സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന തനിക്ക് അതൊരു വലിയ കടമ്പയായിരുന്നു. എന്നാൽ, തന്റെ വ്ലോഗുകളിലൂടെയും മറ്റും പ്രേക്ഷകർ നൽകിയ പിന്തുണയാണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് രാഹുൽ വികാരാധീനനായി പറഞ്ഞു.
"ഒരു കാര്യം നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ ഈ പ്രപഞ്ചം മുഴുവൻ കൂടെനിൽക്കും" എന്ന പൗലോ കൊയ്‌ലോയുടെ വരികൾ ഓർത്തുകൊണ്ടാണ് രാഹുൽ തന്റെ സന്തോഷം പങ്കുവെച്ചത്. തന്നെയും ശ്രീവിദ്യയെയും സ്നേഹിക്കുന്ന പ്രേക്ഷകരാണ് തന്റെ പ്രപഞ്ചമെന്നും രാഹുൽ കൂട്ടിച്ചേർത്തു. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
