വിത്ത്‌ ലവ് എന്ന ചിത്രത്തിൽ നായിക അനശ്വര രാജനെ പിന്നിലാക്കിയ സഹതാരം അനീഷ (കാവ്യ അനിൽ )

സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് കാവ്യയുടെ അഭിനയത്തെ കുറിച്ചാണ്

നവാഗതനായ മദൻ സംവിധാനം ചെയ്ത 'വിത്ത് ലവ്' (With Love) എന്ന ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്കൂൾ കാലഘട്ടത്തിലെ നൊസ്റ്റാൾജിയയും പറയാതെ പോയ പ്രണയവും പ്രമേയമായ ചിത്രത്തിൽ അബിഷൻ ജീവിന്തും അനശ്വര രാജനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. എന്നാൽ, ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ അനിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കാവ്യ അനിലിന്റെ പ്രകടനമാണ് ഇപ്പോൾ സിനിമാ ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്.

സത്യയായി എത്തിയ അബിഷനും മോനിഷയായി എത്തിയ അനശ്വരയും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, സിനിമയിൽ കുറഞ്ഞ സമയം മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട അനിഷ എന്ന കഥാപാത്രം യുവാക്കളുടെ പുതിയ 'ക്രഷ്' ആയി മാറിയിരിക്കുകയാണ്. സത്യയുടെ സ്കൂൾ കാലത്തെ പ്രണയമായ അനിഷയെ അതീവ ലാളിത്യത്തോടെയും സൗമ്യതയോടെയുമാണ് കാവ്യ അവതരിപ്പിച്ചത്. ഒരു സാധാരണ മുസ്ലീം പെൺകുട്ടിയായി എത്തിയ അനിഷയുടെ സ്വാഭാവിക അഭിനയം പ്രേക്ഷകരെ തങ്ങളുടെ സ്കൂൾ കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.

കഥയിൽ സത്യയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കഥാപാത്രമാണ് അനിഷ. അവളോടുള്ള പ്രണയം തുറന്നുപറയാൻ ധൈര്യമില്ലാതെ പോകുന്ന സത്യയുടെ മാനസിക സംഘർഷങ്ങളും, പിന്നീട് അനിഷയ്ക്ക് മറ്റൊരാളോട് പ്രണയമാണെന്നറിയുമ്പോൾ ഉണ്ടാകുന്ന വേദനയും പ്രേക്ഷകരിൽ വലിയ സ്വാധീനമുണ്ടാക്കി. സിനിമയിൽ ബാലാജിയായി എത്തിയ സച്ചിന്റെ പ്രകടനവും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

അതേസമയം, നായികയായ മോനിഷയുടെ പ്രണയസങ്കൽപ്പങ്ങളും ചിത്രത്തിൽ പുതുമയുള്ളതായിരുന്നു. പതിവ് സിനിമാ രീതികളിൽ നിന്ന് വിഭിന്നമായി, പഠനത്തിൽ പിന്നിലായ മോനിഷയ്ക്ക് ഒരു 'പഠിപ്പിസ്റ്റ്' പയ്യനോട് തോന്നുന്ന പ്രണയം കൗതുകത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്തായാലും 'വിത്ത് ലവ്' ഒ.ടി.ടിയിൽ എത്തിയതോടെ കാവ്യ അനിലിന്റെയും മറ്റ് യുവതാരങ്ങളുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles
Next Story