മുൻഭർത്താവിൽ നിന്ന് ജീവനാംശം വേണ്ടെന്ന് ഹൻസിക ; രണ്ട് വർഷം നീണ്ട ദാമ്പത്യത്തിന് വിരാമം

ചെറിയ കാര്യങ്ങൾക്ക് പോലും ഇരുവരും തമ്മിൽ പതിവായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും ഇത് ഒരുമിച്ച് താമസിക്കുന്നത് അസാധ്യമാക്കിയെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

നടി ഹൻസിക മോട്‌വാനിയും ഭർത്താവ് സൊഹൈൽ കതൂരിയയും ഔദ്യോഗികമായി വിവാഹമോചിതരായി. ഏറെ നാളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെച്ചുകൊണ്ട് ഹൻസികയുടെ അഭിഭാഷകൻ അദ്നാൻ ഷെയ്ഖാണ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചത്. ദമ്പതികൾ തമ്മിലുള്ള ബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർന്നതിനാൽ പരസ്പര സമ്മതത്തോടെയാണ് കോടതി വിവാഹമോചനം അനുവദിച്ചത്. മാന്യവും സമാധാനപരവുമായ രീതിയിൽ വേർപിരിയണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുൻഭർത്താവിൽ നിന്ന് ജീവനാംശം (Alimony) ഹൻസിക ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ചെറിയ കാര്യങ്ങൾക്ക് പോലും ഇരുവരും തമ്മിൽ പതിവായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും ഇത് ഒരുമിച്ച് താമസിക്കുന്നത് അസാധ്യമാക്കിയെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 2022 ഡിസംബറിൽ രാജസ്ഥാനിൽ വെച്ച് ആഡംബരപൂർവ്വം നടന്ന വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. 2024 മുതൽ ഇവർ അകന്നുതാമസിച്ചു വരികയായിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് വിവാഹ വീഡിയോകളും ചിത്രങ്ങളും ഹൻസിക നീക്കം ചെയ്തതോടെയാണ് വേർപിരിയൽ വാർത്തകൾ പുറംലോകമറിഞ്ഞത്.

വിവാഹസമയത്തും വലിയ വിവാദങ്ങൾ ഹൻസികയെ തേടിയെത്തിയിരുന്നു. ഹൻസികയുടെ ഉറ്റസുഹൃത്തിന്റെ മുൻഭർത്താവായിരുന്നു സൊഹൈൽ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ തന്റെ സഹോദരന്റെ സുഹൃത്തായ സൊഹൈലിനെ വർഷങ്ങളായി അറിയാമെന്നും തന്നെ വില്ലത്തിയാക്കാൻ ശ്രമിക്കരുതെന്നും അന്ന് താരം പ്രതികരിച്ചിരുന്നു. എല്ലാ വിവാദങ്ങൾക്കും ഒടുവിൽ സമാധാനപരമായ വേർപിരിയലിലൂടെ തന്റെ ദാമ്പത്യ ജീവിതത്തിന് ഹൻസിക ഇപ്പോൾ തിരശ്ശീലയിട്ടിരിക്കുകയാണ്.

Related Articles
Next Story