എം.ജി.ആറിനെതിരെ അശ്ലീല പരാമർശം; നടൻ രാജേന്ദ്ര പ്രസാദിനെതിരെ തമിഴ്‌നാട്ടിൽ കനത്ത പ്രതിഷേധം
"എം.ജി.ആർ അദ്ദേഹത്തെ പേടിച്ച് പാന്റിൽ മുള്ളുമായിരുന്നു"; വിവാദ പരാമർശത്തിൽ രാജേന്ദ്ര പ്രസാദ് മാപ്പ് പറയണമെന്ന് നടൻ വിശാൽ.

ഇതിഹാസ നടനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.ജി. രാമചന്ദ്രനെതിരെ (എം.ജി.ആർ) തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദ് നടത്തിയ വിവാദ പരാമർശം തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഹൈദരാബാദിൽ നടന്ന 'കലാപ്രപൂർണ്ണ കാന്തറാവു ദേശീയ അവാർഡ്' ദാന ചടങ്ങിലായിരുന്നു രാജേന്ദ്ര പ്രസാദിന്റെ വിവാദ പ്രസംഗം. തെലുങ്ക് നടൻ കാന്തറാവുവിനെ പ്രശംസിക്കുന്നതിനിടയിൽ, "എം.ജി.ആറിന് കാന്തറാവുവിനെ പേടിയായിരുന്നുവെന്നും അദ്ദേഹത്തെ കണ്ടാലോ കേട്ടാലോ എം.ജി.ആർ പാന്റിൽ മുള്ളുമായിരുന്നു" എന്നും രാജേന്ദ്ര പ്രസാദ് പരിഹസിച്ചു. ഈ പരാമർശം പുറത്തുവന്നതോടെ തമിഴ്‌നാട്ടിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ തമിഴ് നടൻ വിശാൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഏറെ ഞെട്ടലോടെയും വെറുപ്പോടെയുമാണ് ഈ വാക്കുകൾ കേട്ടതെന്നും എം.ജി.ആർ ഒരു ഇതിഹാസ നടൻ മാത്രമല്ല, ജനലക്ഷങ്ങൾ ആരാധിക്കുന്ന വലിയൊരു നേതാവാണെന്നും വിശാൽ ഓർമ്മിപ്പിച്ചു. കാന്തറാവുവിനെ പ്രശംസിക്കാൻ മറ്റൊരു ഇതിഹാസത്തെ താഴ്ത്തിക്കെട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും തമിഴ് ജനതയുടെ വികാരം വ്രണപ്പെടുത്തിയ രാജേന്ദ്ര പ്രസാദ് മാപ്പ് പറയണമെന്നും വിശാൽ ആവശ്യപ്പെട്ടു. തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിർമ്മാതാവ് ജി. ധനഞ്ജയനും രാജേന്ദ്ര പ്രസാദിന്റെ വാക്കുകൾ പരിഹാസ്യവും അസ്വീകാര്യവുമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.
എം.ജി.ആറിനെ പോലൊരു വ്യക്തിത്വത്തെ ഇത്രയും മോശമായ രീതിയിൽ ചിത്രീകരിച്ചതിനെതിരെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ-സിനിമ മേഖലകളിൽ നിന്നുള്ള നിരവധി പേർ രാജേന്ദ്ര പ്രസാദിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ഒരു പുരസ്കാര ചടങ്ങിൽ വെച്ച് മുതിർന്നൊരു താരം ഇത്തരത്തിൽ തരംതാണ പരാമർശം നടത്തിയത് തെന്നിന്ത്യൻ സിനിമാ മേഖലയിലെ സൗഹൃദത്തെ പോലും ബാധിച്ചേക്കാവുന്ന തലത്തിലേക്ക് വിവാദം വളരുകയാണ്.
