സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യ ആരതി; മനസുതുറന്ന് ശിവകാർത്തികേയൻ

തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ഭാര്യ ആരതിയാണെന്ന് വെളിപ്പെടുത്തി തമിഴ് നടൻ ശിവകാർത്തികേയൻ. രാധിക ശരത്കുമാർ നായികയായ 'തായ് കിഴവി' എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ ചിത്രം പത്തുദിവസം കൊണ്ട് 50 കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ വിജയത്തിന് പിന്നിലെ ഭാര്യയുടെ പങ്കിനെക്കുറിച്ച് താരം വാചാലനായത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും സാമ്പത്തിക കാര്യങ്ങളെല്ലാം കൃത്യതയോടെ നോക്കിനടത്തുന്നത് ആരതിയാണെന്നും ശിവകാർത്തികേയൻ പറഞ്ഞു. എന്തെങ്കിലും ആവശ്യത്തിന് പണം വേണമെങ്കിൽ താൻ ഭാര്യയോടാണ് ചോദിക്കാറുള്ളതെന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു. ആരതിയുടെ സാമ്പത്തിക മേൽനോട്ടമാണ് തന്നെ ഒരു ചലച്ചിത്ര നിർമാതാവാകാൻ പ്രാപ്തനാക്കിയതെന്നും അവൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്നും താരം സമ്മതിച്ചു.

തന്റെ ജീവിതത്തിൽ ആരതി കൊണ്ടുവന്ന സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് മുമ്പും ശിവകാർത്തികേയൻ സംസാരിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ്, സ്ഥിരമായ വരുമാനമോ വലിയ ശമ്പളമോ ഇല്ലാതിരുന്ന കാലത്താണ് ആരതി തന്നെ വിവാഹം ചെയ്യാൻ തയ്യാറായതെന്നും ആ പിന്തുണയ്ക്ക് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2010-ലായിരുന്നു ശിവകാർത്തികേയന്റെയും ആരതിയുടെയും വിവാഹം. കഴിഞ്ഞ 15 വർഷമായി ചെന്നൈയിൽ താമസിക്കുന്ന ഇവർക്ക് മൂന്ന് മക്കളാണുള്ളത്.

Related Articles
Next Story