'രാമായണ' ലൊക്കേഷൻ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജം; സായ് പല്ലവിക്കെതിരെ സൈബർ ആക്രമണം
എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം കണ്ട് തെറ്റിദ്ധരിച്ച് സോഷ്യൽ മീഡിയ; സിയ കേ രാം സീരിയലിലെ രംഗം മാറ്റിമറിച്ചു

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന 'രാമായണ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയാണ്. രാമനായി രൺബീറും സീതയായി സായ് പല്ലവിയും നിൽക്കുന്ന ഒരു ചിത്രം സിനിമയുടെ ലൊക്കേഷനിൽ നിന്നും ചോർന്നതാണെന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ചിത്രത്തിൽ സീതയായി എത്തുന്ന സായ് പല്ലവിയുടെ ലുക്കിനെച്ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഒരു വിഭാഗം ഉയർത്തുന്നത്. സായ് പല്ലവി സീതയുടെ വേഷത്തിന് അനുയോജ്യമല്ലെന്നും, പകരം മൃണാൾ ഠാക്കൂർ ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നും കാണിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സായ് പല്ലവിയുടെ പ്രകടനത്തെക്കാൾ അവരുടെ രൂപത്തിന് സീതയുമായി ചേർച്ചയില്ലെന്നാണ് ഇവരുടെ വാദം.
എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന ഈ ചിത്രം യഥാർത്ഥമല്ലെന്നും കൃത്രിമമായി നിർമ്മിച്ചതാണെന്നുമാണ് സത്യം. 2015-16 കാലഘട്ടത്തിൽ സ്റ്റാർ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന 'സിയ കേ രാം' എന്ന സീരിയലിലെ ഒരു രംഗം എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് രൺബീറിന്റെയും സായ് പല്ലവിയുടെയും മുഖങ്ങൾ ചേർത്ത് മാറ്റിയെടുക്കുകയായിരുന്നു. സത്യാവസ്ഥ അറിയാതെയാണ് പലരും താരത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നത്. അതേസമയം സായ് പല്ലവിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മികച്ച അഭിനയശേഷിയുള്ള സായ് പല്ലവി സീതയുടെ വേഷം മനോഹരമാക്കുമെന്നും രൺബീറുമായുള്ള അവരുടെ ജോഡി പൊരുത്തം മികച്ചതാണെന്നും ആരാധകർ പറയുന്നു. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും
