പ്രധാനമന്ത്രി ഒരു യോഗി, പകരം വെക്കാനില്ലാത്ത ഭരണാധികാരി; നരേന്ദ്ര മോദിയെ പുകഴ്ത്തി മോഹൻലാൽ
കേന്ദ്ര സർക്കാരിന്റെ പ്രത്യേക പോഡ്കാസ്റ്റിൽ മനസ്സ് തുറന്ന് താരം; വാക്കുകൾ ചർച്ചയാകുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണശൈലിയെയും പ്രകീർത്തിച്ച് നടൻ മോഹൻലാൽ രംഗത്ത്. മോദി മികച്ചൊരു ഭരണാധികാരിയും തന്നെ ഏറെ പ്രചോദിപ്പിക്കുന്ന നേതാവുമാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക പോഡ്കാസ്റ്റിലാണ് താരത്തിന്റെ ഈ സുപ്രധാന പ്രതികരണം. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളിൽ വലിയ കരുത്തും വ്യക്തതയുമുണ്ടെന്നും, കലാകാരന്മാരോട് അദ്ദേഹം കാണിക്കുന്ന പ്രത്യേക പരിഗണന താൻ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും ലാൽ പറഞ്ഞു. രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമർപ്പണ മനോഭാവം ഏവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തെ ഒരു അമ്മയെപ്പോലെയാണ് മോദി കാണുന്നതെന്നും വാക്കുകളിൽ ഒതുക്കാവുന്ന വ്യക്തിത്വമല്ല അദ്ദേഹത്തിന്റേതെന്നും മോഹൻലാൽ പറഞ്ഞു. "മോദി ഒരു യോഗിയാണ്. അദ്ദേഹത്തിന്റെ അടുത്തുനിന്നാൽ ആ സ്നേഹം അനുഭവിച്ചറിയാൻ സാധിക്കും. രാജ്യം നേരിടുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ അദ്ദേഹം നയിക്കുന്ന രീതി നാം കണ്ടുപഠിക്കേണ്ടതാണ്," താരം വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖം വലിയ ചർച്ചയായതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള താരത്തിന്റെ പോഡ്കാസ്റ്റും പുറത്തുവരുന്നത്. രാജ്യത്തിന് വേണ്ടി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും മോഹൻലാൽ തന്റെ സംഭാഷണത്തിൽ അടിവരയിട്ടു പറയുന്നു.
