ആദ്യ വിവാഹമോചനത്തെക്കുറിച്ചുള്ള സംസാരം തെറ്റായി പ്രചരിപ്പിച്ചു; നിലവിലെ ഭാര്യയുടെയും മക്കളുടെയും ചിത്രം ഉപയോഗിക്കുന്നതിനെതിരെ നടൻ
തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഭഗത് ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ഇത് നിലവിലെ കുടുംബത്തെ ബാധിക്കുന്ന രീതിയിൽ ചിലർ വളച്ചൊടിച്ചതിനെതിരെ താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഭഗത് മാനുവൽ. 'മലർവാടി ആർട്സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഭഗത്, വരാനിരിക്കുന്ന 'ആട് 3' എന്ന ചിത്രത്തിന്റെ ആവേശത്തിലാണ്. എന്നാൽ ഇതിനിടെ താരത്തിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി. തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഭഗത് ഒരഭിമുഖത്തിൽ സംസാരിച്ചിരുന്നു. എന്നാൽ ഇത് നിലവിലെ കുടുംബത്തെ ബാധിക്കുന്ന രീതിയിൽ ചിലർ വളച്ചൊടിച്ചതിനെതിരെ താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
തന്നെ സ്നേഹിക്കുന്ന ഒരുപാട് പേർ കൂടെയുണ്ടെന്ന് കമന്റുകൾ വായിച്ചപ്പോൾ മനസ്സിലായെന്നും അത് വലിയൊരു ബലമാണെന്നും ഭഗത് പറയുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് സംസാരിച്ച കാര്യങ്ങൾ പലരും തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. നിലവിലുള്ള ഭാര്യ ഷെലിൻ ചെറിയാന്റെയും മക്കളുടെയും ചിത്രങ്ങൾ വെച്ചാണ് പല മാധ്യമങ്ങളും വാർത്തകൾ നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഭാര്യ തമാശരൂപേണ "ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ചത്?" എന്ന് ചോദിച്ചതായി ഭഗത് വെളിപ്പെടുത്തി. ഇത്തരം വാർത്തകൾ നൽകുന്നവർ ദയവുചെയ്ത് മക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്നും താരം അഭ്യർത്ഥിച്ചു.
