സ്വന്തം മരണവാർത്ത കണ്ട് പൊട്ടിച്ചിരിച്ച് നടി അംബികാ മോഹൻ

ക്ലിക്ക് ബൈറ്റിനായി വ്യാജ വാർത്ത ചമച്ച ഓൺലൈൻ ചാനലിനെതിരെ പ്രതിഷേധം ശക്തം; നിയമനടപടി വേണമെന്ന് ആരാധകർ

മലയാള സിനിമയിലും ടെലിവിഷൻ പരമ്പരകളിലും പതിറ്റാണ്ടുകളായി സജീവമായ നടി അംബികാ മോഹനെക്കുറിച്ച് പ്രചരിച്ച വ്യാജ മരണവാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഒരു ഓൺലൈൻ ചാനൽ നൽകിയ 'ആരാധകരെ കണ്ണീരിലാക്കി അംബികാ മോഹൻ' എന്ന തമ്പ്‌നെയിലോടു കൂടിയ വീഡിയോ ശ്രദ്ധയിൽപ്പെട്ട താരം, അത് കണ്ട് ചിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോ പകർത്തിയ ആൾ 'ചിരിച്ചേ പരേത' എന്ന് പരിഹസിക്കുന്നത് കേൾക്കാം. താൻ ജീവനോടെ ഇരിക്കുമ്പോഴും മരിച്ചുവെന്ന് വാർത്ത നൽകിയ മാധ്യമത്തിന്റെ രീതിയെ തികഞ്ഞ ലാഘവത്തോടെയാണ് താരം നേരിട്ടതെങ്കിലും, ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

ക്ലിക്ക് ബൈറ്റുകൾക്കും കാഴ്ചക്കാർക്കും വേണ്ടി പ്രമുഖ താരങ്ങളെക്കുറിച്ച് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു. കമൽ സംവിധാനം ചെയ്ത 'മേഘമൽഹാർ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അംബികാ മോഹൻ, ഇതുവരെ മുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 'മീശമാധവൻ' എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഭാര്യയുടെ വേഷം ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ മിനിസ്‌ക്രീനിലും സജീവമായ അംബിക, നിലവിൽ പ്രമുഖ ചാനലുകളിലെ സീരിയലുകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തുവരികയാണ്.

Related Articles
Next Story