'പീഡകനൊപ്പം നിൽക്കുന്ന സർക്കാർ അപമാനം', വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ രൂക്ഷവിമർശനവുമായി ചിന്മയി ശ്രീപദ
ലൈംഗികാരോപണ വിധേയനായ ഒരാളെ രാജ്യം പരമോന്നത സാഹിത്യ പുരസ്കാരം നൽകി ആദരിക്കുന്നത് അത്യന്തം അപമാനകരമാണെന്ന് ചിന്മയി എക്സിലൂടെ (ട്വിറ്റർ) പ്രതികരിച്ചു

പ്രശസ്ത തമിഴ് കവി വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചതിൽ കടുത്ത പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്ത്. ലൈംഗികാരോപണ വിധേയനായ ഒരാളെ രാജ്യം പരമോന്നത സാഹിത്യ പുരസ്കാരം നൽകി ആദരിക്കുന്നത് അത്യന്തം അപമാനകരമാണെന്ന് ചിന്മയി എക്സിലൂടെ (ട്വിറ്റർ) പ്രതികരിച്ചു. വൈരമുത്തുവിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് പങ്കുവെച്ച നടൻ കമലഹാസനെതിരെയും ചിന്മയി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. പീഡകർക്കൊപ്പം നിൽക്കുന്ന സർക്കാരും കലാലോകവും ഇരകളാക്കപ്പെട്ടവരെ വീണ്ടും വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു.
വർഷങ്ങളായി വൈരമുത്തുവും ചിന്മയിയും തമ്മിലുള്ള നിയമപരവും ധാർമ്മികവുമായ പോരാട്ടം തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചയാണ്. 2018-ലെ 'മീ ടൂ' തരംഗത്തിനിടെയാണ് ചിന്മയി ഉൾപ്പെടെയുള്ള നിരവധി സ്ത്രീകൾ വൈരമുത്തുവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയത്. തുടർന്ന് 2020-ൽ ഒരു ടെലിവിഷൻ ചാനൽ ജീവനക്കാരിക്ക് നേരെയുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിക്കൊണ്ട് ചിന്മയി വീണ്ടും രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെതിരെ ഉയർന്ന പതിനേഴാമത്തെ മീ ടൂ ആരോപണമായിരുന്നു അത്. എന്നാൽ ഇത്രയധികം പരാതികൾ ഉയർന്നിട്ടും അദ്ദേഹത്തിനെതിരെ കാര്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
2002-ന് ശേഷം ആദ്യമായാണ് തമിഴ് ഭാഷയെ തേടി ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. തമിഴ് ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 11 ലക്ഷം രൂപയും വാഗ്‌ദേവത ശിൽപവും ഫലകവും അടങ്ങുന്ന ഈ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നത്. നേരത്തെ രാജ്യം പത്മഭൂഷണും പത്മശ്രീയും നൽകി ഇദ്ദേഹത്തെ ആദരിച്ചിരുന്നുവെങ്കിലും, മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പുരസ്കാര പ്രഖ്യാപനം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ആരോപണവിധേയനായ ഒരാൾക്ക് ഇത്രയും വലിയ അംഗീകാരം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് ചിന്മയി ഉൾപ്പെടെയുള്ളവരുടെ നിലപാട്.
