പശ്ചിമേഷ്യൻ സംഘർഷം: മലയാള സിനിമയ്ക്ക് ആശങ്കയുടെ അവധിക്കാലം; ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിൽ

മലയാളത്തിലെ സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളാണ് വരും മാസങ്ങളിൽ റിലീസ് കാത്തിരിക്കുന്നത്

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ മലയാള സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയാകുന്നു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങളെത്തുടർന്നുണ്ടായ അസ്വാഭാവിക സാഹചര്യം വരാനിരിക്കുന്ന അവധിക്കാല റിലീസുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും ഗൾഫ് വിപണിയിൽ നിന്നാണെന്നിരിക്കെ, യുദ്ധഭീതി മൂലം അവിടെ റിലീസുകൾ തടസ്സപ്പെട്ടാൽ കോടികളുടെ നഷ്ടമാണ് നിർമ്മാതാക്കൾ നേരിടേണ്ടി വരിക. 'വിനോദയാത്ര' എന്ന സിനിമയിൽ അന്താരാഷ്ട്ര കാര്യങ്ങൾ മലയാളിയുടെ വിഷയമല്ലെന്ന് പരിഹസിക്കുന്നുണ്ടെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ ഓരോ ചലനവും കേരളത്തിലെ സിനിമാ ബോക്സോഫീസിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണുള്ളത്.

മലയാളത്തിലെ സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളാണ് വരും മാസങ്ങളിൽ റിലീസ് കാത്തിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ്-ജയസൂര്യ ചിത്രം 'ആട് 3' (മാർച്ച് 19), നിവിൻ പോളിയുടെ 'പ്രതിഛായ' (മാർച്ച് 26), ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' (ഏപ്രിൽ 2) എന്നിവയാണ് ആദ്യ ഘട്ടത്തിൽ റിലീസിന് തയ്യാറെടുക്കുന്നത്. ഇതിന് പുറമെ ഏപ്രിൽ മാസത്തിൽ തന്നെ ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി', മമ്മൂട്ടി-മോഹൻലാൽ ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' എന്നിവയും വിഷു-പെരുന്നാൾ സീസൺ ലക്ഷ്യമിട്ട് റിലീസ് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഗൾഫ് മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ റിലീസ് തീയതികളെ പുനർചിന്തിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുകയാണ്. ഗീതു മോഹൻദാസ്-യഷ് ചിത്രം 'ടോക്സിക്' ഇതിനോടകം തന്നെ ജൂണിലേക്ക് റിലീസ് മാറ്റിയിട്ടുണ്ട്.

നിലവിൽ യു.എ.ഇയിൽ പ്രദർശനങ്ങൾക്ക് തടസ്സമില്ലെങ്കിലും ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സാഹചര്യം സങ്കീർണ്ണമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പ്രതിസന്ധി രൂക്ഷമായാൽ റിലീസിംഗ് മാറ്റിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കേണ്ടി വരുമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് വ്യക്തമാക്കി. എങ്കിലും 'ആട് 3' നിശ്ചയിച്ച തീയതിയിൽ തന്നെ പുറത്തിറക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ഗൾഫ് രാജ്യങ്ങളിലെ തിയേറ്ററുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ ഈ കാലഘട്ടത്തിൽ പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കപ്പെട്ടില്ലെങ്കിൽ മലയാള സിനിമയുടെ ഈ വർഷത്തെ സാമ്പത്തിക അടിത്തറയെ തന്നെ അത് ദോഷകരമായി ബാധിക്കും

Related Articles
Next Story