ബഡായി ബംഗ്ലാവ് നിർത്തിയത് എന്തുകൊണ്ട്? മനസ്സ് തുറന്ന് രമേശ് പിഷാരടി

മലയാളികളുടെ പ്രിയ താരം രമേശ് പിഷാരടി തന്റെ കരിയറിലെ നിർണ്ണായക തീരുമാനങ്ങളെക്കുറിച്ചും സഹപ്രവർത്തകരെക്കുറിച്ചും സംസാരിക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരനാണ് രമേശ് പിഷാരടി. നടനായും സംവിധായകനായും അവതാരകനായുമെല്ലാം തിളങ്ങിയ അദ്ദേഹം, 'ബഡായി ബംഗ്ലാവ്' എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയിലൂടെയാണ് ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയറിലെ ചില പ്രധാന തീരുമാനങ്ങളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും പിഷാരടി തുറന്നുപറഞ്ഞു. അഞ്ചുവർഷത്തോളം നീണ്ടുനിന്ന ബഡായി ബംഗ്ലാവ് അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു. ഒരു ഘട്ടത്തിൽ പരിപാടിയോട് മടുപ്പ് തോന്നിയെന്നും, സിനിമകൾ ചെയ്യുന്ന സമയത്ത് സ്വന്തം ചിത്രങ്ങളുടെ പ്രമോഷൻ പോലും ആ ഷോയിൽ ചെയ്യാൻ സാധിക്കാത്തത് ചെറിയ വേദനയുണ്ടാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ചില സാങ്കേതികമായ കാരണങ്ങളാണ് ആ പരിപാടി നിർത്താൻ പ്രേരിപ്പിച്ചത്.

താനും ധർമ്മജൻ ബോൾഗാട്ടിയും തമ്മിലുള്ള കൂട്ടുക്കെട്ടിനെക്കുറിച്ചും സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ചും താരം വ്യക്തത വരുത്തി. കൊവിഡിന് മുൻപ് തന്നെ സ്റ്റേജ് ഷോകൾ കുറയ്ക്കാൻ ഇരുവരും തീരുമാനിച്ചിരുന്നു. തമാശയായി പറയുന്ന കാര്യങ്ങൾ പോലും പലപ്പോഴും വളച്ചൊടിക്കപ്പെടുന്നതും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. ധർമ്മജൻ തന്നേക്കാൾ വലിയ നടനാണെന്നും അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും എന്നും കൂടെയുണ്ടാകുമെന്നും പിഷാരടി കൂട്ടിചേർത്തു.

സഹപ്രവർത്തകരായ സുരേഷ് ഗോപിയെയും മോഹൻലാലിനെയും കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം പങ്കുവെച്ചു. സുരേഷ് ഗോപി ഒരു നല്ല മനുഷ്യനാണെന്നും രാഷ്ട്രീയമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ ചില കാര്യങ്ങൾ അദ്ദേഹത്തിന് തന്നെയാകും ഒരുപക്ഷേ ബുദ്ധിമുട്ടുണ്ടാക്കുന്നത്, അല്ലാതെ മറ്റൊരാളെയും അദ്ദേഹം ഉപദ്രവിക്കില്ലെന്നും പിഷാരടി നിരീക്ഷിച്ചു. അതുപോലെ തന്നെ, സ്വന്തം ജോലിയെ ഒരിക്കലും കുറ്റം പറയരുത് എന്ന വലിയ പാഠം താൻ പഠിച്ചത് മോഹൻലാലിൽ നിന്നാണെന്നും രമേശ് പിഷാരടി അഭിമുഖത്തിൽ ഓർത്തെടുത്തു

Related Articles
Next Story