പ്രേക്ഷകരുടെ താൽപ്പര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു; രൺവീർ സിങ്ങിനോട് അസൂയയില്ലെന്ന് അക്ഷയ് കുമാർ

'ധുരന്ധർ' പോലുള്ള ചിത്രങ്ങളിൽ വേഷം ലഭിക്കാത്തതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് രൺവീറിനോട് അസൂയയില്ലെന്നായിരുന്നു അക്ഷയ്യുടെ മറുപടി

സിനിമാലോകം ഒരു ചക്രം പോലെയാണെന്നും ഓരോ രണ്ടു മൂന്ന് വർഷം കൂടുമ്പോഴും പ്രേക്ഷകരുടെ താൽപ്പര്യങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നും ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. 'ഇന്ത്യ ടുഡേ കോൺക്ലേവിൽ' സംസാരിക്കവെയാണ് ചലച്ചിത്രരംഗത്തെ മാറ്റങ്ങളെക്കുറിച്ച് താരം മനസ്സ് തുറന്നത്. രൺവീർ സിങ്ങ് നായകനായ 'ധുരന്ധർ' എന്ന ആക്ഷൻ ചിത്രത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, രക്തച്ചൊരിച്ചിലുള്ള ആക്ഷൻ സിനിമകൾ പ്രേക്ഷകർ ഇപ്പോൾ ആസ്വദിക്കുന്നുണ്ടെന്നും രൺവീറിനെപ്പോലെയുള്ള ഒരു നായകൻ രോഷാകുലനായ യുവാവെന്ന പ്രതിച്ഛായ സ്വീകരിച്ചത് ഇതിന് തെളിവാണെന്നും അഭിപ്രായപ്പെട്ടു. കുറച്ചു വർഷങ്ങൾക്ക് മുൻപ് സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ വിജയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഹൊറർ കോമഡികൾക്കാണ് വിപണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ധുരന്ധർ' പോലുള്ള ചിത്രങ്ങളിൽ വേഷം ലഭിക്കാത്തതിൽ ഖേദമുണ്ടോ എന്ന ചോദ്യത്തിന് രൺവീറിനോട് അസൂയയില്ലെന്നായിരുന്നു അക്ഷയ്യുടെ മറുപടി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ താൻ ആ വേഷത്തിന് അനുയോജ്യനാണെന്ന് കരുതിയിട്ടുണ്ടാവില്ലെന്നും അതാവാം അവസരം ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയിൽ എല്ലാവർക്കും വേഷങ്ങളുണ്ടെന്നും ചിലപ്പോൾ മറ്റൊരാൾ ചെയ്യാനിരുന്ന വേഷങ്ങൾ തനിക്ക് ലഭിക്കാറുണ്ടെന്നും അക്ഷയ് ഓർമ്മിപ്പിച്ചു. താരത്തിന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല' 2026 ഏപ്രിൽ പത്തിന് റിലീസിനൊരുങ്ങുകയാണ്. ഇതിന് പുറമെ 'ഹേരാ ഫേരി 3', 'വെൽക്കം ടു ദ ജംഗിൾ', 'ഗോൾമാൽ 5' തുടങ്ങി നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Related Articles
Next Story