'ഇത് അപമാനകരം'; കെപോപ് ഡീമൻ ഹണ്ടേഴ്സിന്റെ മറുപടി പ്രസംഗം തടസ്സപ്പെട്ടതിനെതിരെ ആരാധകർ

ലോസാഞ്ചലസ്: 98-ാമത് ഓസ്കർ വേദിയിൽ 'കെ പോപ് ഡീമൺ ഹണ്ടേഴ്സ്' എന്ന ചിത്രത്തിലെ സംഗീതതാരങ്ങൾ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുന്നത് തടസ്സപ്പെട്ടതിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം. മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം കെ പോപ് ഡെമൺ ഹണ്ടേഴ്സിലെ 'ഗോൾഡൻ' എന്ന ഗാനത്തിനായിരുന്നു ലഭിച്ചത്. അക്കാദമി അവാർഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു കെ-പോപ് ഗാനം ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്നത്. ഈ ചരിത്രനേട്ടം സ്വന്തമാക്കിയ യൂ-ഹാൻ ലീ, മാർക്ക് സൺൻബ്ലിക്ക്, ഉൻ–ജെ എന്നിവരടങ്ങുന്ന സംഘത്തിന് മറുപടി പ്രസംഗം പൂർത്തിയാക്കാൻ അവസരം ലഭിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

പ്രസംഗം പാതിവഴിയിൽ എത്തിയപ്പോൾ തന്നെ മൈക്ക് ഓഫാകുകയും വേദിയിലെ ഓർക്കസ്ട്ര സംഘം സംഗീതം ആരംഭിക്കുകയും ചെയ്തതോടെ താരങ്ങൾക്ക് വേദി വിടേണ്ടി വന്നു. എല്ലാ കലാകാരന്മാരുടെയും സ്വപ്നവേദിയായ ഓസ്കറിൽ, ഇത്തരമൊരു അശ്രദ്ധ കാണിച്ചത് അനാദരവാണെന്ന് ആരാധകർ ആരോപിക്കുന്നു. കെ-പോപ്പിനെ ആരും പിന്തുണയ്ക്കാതിരുന്ന കാലത്ത് ഒരു ആരാധകയായി വളർന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ ഗാനരചയിതാവായ ഉൻ–ജെ പങ്കുവെക്കുന്നതിനിടെയാണ് തടസ്സമുണ്ടായത്. പിന്നീട് മാധ്യമങ്ങളെ കണ്ട സംഘം, വേദിയിൽ പൂർത്തിയാക്കാൻ കഴിയാതെ പോയ വാക്കുകൾ ആരാധകർക്കായി പങ്കുവെച്ചു. അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച കൊറിയൻ സംഗീതത്തെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

Related Articles
Next Story