മമ്മൂട്ടിയുടെ ഊർജ്ജസ്വലതയ്ക്ക് മുന്നിൽ വിസ്മയിച്ച് ലിസി; 'പേട്രിയറ്റ്' വോയിസ് റെക്കോർഡിംഗ് ചെന്നൈയിൽ പൂർത്തിയായി

മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ന്റെ വോയിസ് റെക്കോർഡിംഗ് ചെന്നൈയിൽ വെച്ച് പൂർത്തിയായി. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള 'ലെ മാജിക് ലാന്റേൺ' സ്റ്റുഡിയോയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ശബ്ദലേഖനം നടന്നത്. മമ്മൂട്ടിയും ലിസിയും പ്രിയദർശനും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ലിസി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഈ വാർത്ത ആരാധകർ ഏറ്റെടുത്തത്. തന്റെ സ്റ്റുഡിയോയിലേക്ക് മമ്മൂട്ടി എത്തിയതിലുള്ള സന്തോഷം പങ്കുവെച്ച ലിസി, മമ്മൂട്ടിയുടെ ഊർജ്ജസ്വലതയെയും പ്രഭാവലയത്തെയും വാനോളം പുകഴ്ത്തി. 70-കളിലും 30-കളിലെ യുവാവിനെപ്പോലെ തിളങ്ങുന്ന മമ്മൂട്ടിയുടെ മാസ്മരികത അത്ഭുതപ്പെടുത്തുന്നതാണെന്ന് ലിസി തന്റെ കുറിപ്പിൽ വ്യക്തമാക്കി.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ്. പ്രിയദർശന്റെ സാന്നിധ്യത്തിൽ നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Related Articles
Next Story